ജിദ്ദ – ഇറാനെതിരായ നീക്കങ്ങളിൽ ഒരു തരത്തിലും പങ്കാളികളാവില്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദിയുടെ നിലപാട് അറിയിച്ചത്. ഇറാന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും സൗദി അറേബ്യ പൂർണ്ണമായും മാനിക്കുന്നുവെന്നും കിരീടാവകാശി വ്യക്തമാക്കി.
ഇറാനെതിരായ സൈനിക നടപടികൾക്കോ മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്കോ വേണ്ടി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. മേഖലയിലെ തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പരിഹരിക്കാനാണ് സൗദി മുൻഗണന നൽകുന്നത്. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തിനും പൂർണ്ണ പിന്തുണ നൽകുമെന്നും സൗദി അറേബ്യ അറിയിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റ്സും സമാനമായ നിലപാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളുടെ ഈ നിലപാട് ഏറെ നിർണ്ണായകമാണ്. സൗദി അറേബ്യ സ്വീകരിച്ച ഉറച്ച നിലപാടിന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാൻ നന്ദി അറിയിക്കുകയും മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് കിരീടാവകാശിയുമായി ചർച്ച നടത്തുകയും ചെയ്തു.



