ലണ്ടന്‍ – ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി വിമതന്‍ മുസ്‌ലിഹ് അല്‍ഉതൈബിയെ അഞ്ചു മാസം തടവിന് ശിക്ഷിച്ചു. ലണ്ടനിലെ റോയല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മുസ്‌ലിഹ് തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചു. താന്‍ ഫോണില്‍ ചെസ്സ് കളിച്ചു കൊണ്ടിരിക്കെ ഒരു കാരണവുമില്ലാതെയാണ് പെണ്‍കുട്ടി കരഞ്ഞുവെന്നാണ് മുസ്‌ലിഹ് അവകാശപ്പെടുന്നത്. എന്നാല്‍ തെളിവുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി പ്രതിയെ അഞ്ച് മാസം തടവിന് വിധിച്ചത്. നിങ്ങള്‍ നിയമവിരുദ്ധമായി യു.കെയില്‍ താമസിക്കുന്നതായി തോന്നുന്നു, നിങ്ങളെ നിങ്ങളുടെ രാജ്യത്തേക്ക് നാടുകടത്താന്‍ ആവശ്യമായ നടപടികള്‍ ആഭ്യന്തര ഓഫീസ് സ്വീകരിക്കണമെന്നും വിധിപ്രസ്താവത്തിനിടെ മുസ്‌ലിഹ് അല്‍ഉതൈബിയോട് ജഡ്ജി പറഞ്ഞു.
2024 സെപ്റ്റംബര്‍ രണ്ടിന് ഓക്സ്ഫോര്‍ഡ് സര്‍ക്കസിനും മൈല്‍ എന്‍ഡ് സ്റ്റേഷനുകള്‍ക്കുമിടയിലുള്ള സെന്‍ട്രല്‍ ലൈനില്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ 39 കാരനായ പ്രതി 17 വയസുകാരിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും കാലിനടിയില്‍ കൈ വെക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേ കുറിച്ച് പെണ്‍കുട്ടി മറ്റൊരു യാത്രക്കാരനോട് പരാതിപ്പെടുകയും അയാള്‍ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയതിനെ തുടർന്ന് എത്തിയ പോലീസ് അല്‍ഉതൈബിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാഷ്ട്രീയാഭയം തേടി മുസ്‌ലിഹ് അല്‍ഉതൈബി 2023 ലാണ് ബ്രിട്ടനില്‍ എത്തിയത്.



