ജിദ്ദ – സൗദിയില്‍ ഈ വർഷം റൈഡ്-ഹെയ്‌ലിംഗ് ആപ്പുകള്‍ വഴിയുള്ള യാത്രകളില്‍ വളർച്ച. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തില്‍ സൗദിയില്‍ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകള്‍ വഴിയുള്ള യാത്രകളില്‍ 78 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. മൂന്നാം പാദത്തില്‍ രാജ്യത്ത് റൈഡ്-ഹെയ്‌ലിംഗ് ആപ്പുകള്‍ വഴി 3.9 കോടിയിലേറെ യാത്രകള്‍ രേഖപ്പെടുത്തി. മൊത്തം യാത്രകളില്‍ 43.9 ശതമാനവുമായി റിയാദ് പ്രവിശ്യ മുന്നിലാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 22.13 ശതമാനവും മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 14.5 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
മദീന പ്രവിശ്യയില്‍ 5.76 ശതമാനവും അസീര്‍ പ്രവിശ്യയില്‍ 3.55 ശതമാനവും അല്‍ഖസീം പ്രവിശ്യയില്‍ 3 ശതമാനവും തബൂക്കില്‍ 2.49 ശതമാനവും ഹായിലില്‍ 1.85 ശതമാനവും ജിസാന്‍ പ്രവിശ്യയില്‍ 1.13 ശതമാനവും നജ്റാനില്‍ 0.58 ശതമാനവും അല്‍ജൗഫില്‍ 0.55 ശതമാനവും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 0.28 ശതമാനവും അല്‍ബാഹയില്‍ 0.23 ശതമാനവും യാത്രകള്‍ രേഖപ്പെടുത്തി. റൈഡ്-ഹെയ്‌ലിംഗ് ആപ്ലിക്കേഷന്‍ മേഖലയുടെ വളര്‍ച്ചയെ പിന്തുണക്കുന്ന, നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ക്ക് സഹായകവുമായ നിയന്ത്രണ, നിയമനിര്‍മാണ ചട്ടക്കൂടുകള്‍ വികസിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നതായി അതോറിറ്റി വ്യക്തമാക്കി.
മൂന്നാം പാദത്തില്‍ സൗദിയില്‍ കാര്‍ വാടക മേഖലയില്‍ 18 ലക്ഷത്തിലേറെ വ്യക്തിഗത വാടക കരാറുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ റെന്റ് എ കാര്‍ മേഖലയില്‍ വാടക കരാറുകളുടെ എണ്ണത്തില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കാര്‍ വാടക കരാറുകളുടെ എണ്ണത്തില്‍ റിയാദ് പ്രവിശ്യയാണ് ഒന്നാം സ്ഥാനത്ത്. ആകെ കാര്‍ വാടക കരാറുകളില്‍ 31.6 ശതമാനവും രേഖപ്പെടുത്തിയത് റിയാദ് പ്രവിശ്യയിലാണ്. മക്ക പ്രവിശ്യയില്‍ 24 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 14.6 ശതമാനവും മദീനയില്‍ 5.8 ശതമാനവും അസീറില്‍ 7.7 ശതമാനവും അല്‍ഖസീമില്‍ 4.5 ശതമാനവും ജിസാനില്‍ 3.7 ശതമാനവും തബൂക്കില്‍ 2.8 ശതമാനവും നജ്റാനില്‍ 1.5 ശതമാനവും ഹായിലില്‍ 1.3 ശതമാനവും അല്‍ജൗഫില്‍ 0.8 ശതമാനവും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 0.6 ശതമാനവും അല്‍ബാഹയില്‍ 0.7 ശതമാനവും റെന്റ് എ കാര്‍ കരാറുകള്‍ രേഖപ്പെടുത്തി. ഏകീകൃത ഇലക്ട്രോണിക് കാര്‍ വാടക കരാര്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളുടെയും വാടകക്കാരന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറക്കാനും സഹായിക്കുന്നു. സേവന നിലവാരം ഉയര്‍ത്തുന്നതിലും റെന്റ് എ കാറുകളുടെ സാങ്കേതിക ആവശ്യകതകള്‍ മെച്ചപ്പെടുത്തുന്നതിലും ഇരു കക്ഷികളും തമ്മിലുള്ള വാടക പ്രക്രിയ സുഗമമാക്കുന്നതിലും റെന്റ് എ കാര്‍ മേഖലയുടെ കാര്യക്ഷമതയും മത്സരശേഷിയും വര്‍ധിപ്പിക്കുന്നതിലും ഇത് ഒരു പ്രധാന ഘടകമാണ്.



