ജിദ്ദ– രാജ്യത്ത് പ്രവർത്തിക്കുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസ് റീഫണ്ട് ചെയ്യാനായി 150 കോടി റിയാലിന്റെ ഇസ്തിർദാദ് സംരംഭത്തിന്റെ രണ്ടാം പതിപ്പിന് തുടക്കം. സുസ്ഥിരതയും വളർച്ചയും മെച്ചപ്പെടുത്താനായി യോഗ്യരായ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പ്രവർത്തനത്തിന്റെ ആദ്യ മൂന്ന് വർഷങ്ങളിൽ 10 വിഭാഗത്തിലുള്ള സർക്കാർ ഫീസ് തിരിച്ചുപിടിക്കാൻ ഈ സംരംഭം അനുവദിക്കുന്നു.
വിദേശ തൊഴിലാളികൾക്കുള്ള ലെവിയുടെ 80 ശതമാനവും കൊമേഴ്സ്യൽ രജിസ്ട്രേഷൻ, മുനിസിപ്പാലിറ്റി ലൈസൻസുകൾ, കരാർ പ്രസിദ്ധീകരണം, സൗദി പോസ്റ്റ്-ചേംബർ ഓഫ് കൊമേഴ്‌സ് സബ്‌സ്‌ക്രിപ്ഷനുകൾ, ട്രേഡ്മാർക്ക്-പേറ്റന്റ് രജിസ്ട്രേഷൻ, പ്രവർത്തന ലൈസൻസുകൾ എന്നിവക്കുള്ള ചാർജുകളും റീഫണ്ടബിൾ ഫീസിൽ ഉൾപ്പെടുന്നു. ദേശീയ സംരംഭങ്ങൾക്കിടയിൽ നവീകരണം പ്രോത്സാഹിപ്പിക്കാനാണ് പുതിയ പതിപ്പിൽ പേറ്റന്റ് രജിസ്ട്രേഷൻ റീഇംബേഴ്‌സ്‌മെന്റ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രയോജനപ്പെടുത്താനുള്ള രജിസ്ട്രേഷൻ കാലയളവ് 2026 അവസാനം വരെ നീണ്ടുനിൽക്കും. പണം നൽകൽ 2028 വരെ തുടരും.
ഫീസ് റീഫണ്ടിനുള്ള യോഗ്യത നേടുന്നതിന്, സംരംഭങ്ങൾ പൂർണമായോ ഭൂരിഭാഗമായോ സൗദി ഉടമസ്ഥതയിലായിരിക്കണമെന്നും സൗദിവൽക്കരണ വ്യവസ്ഥകൾ പാലിക്കണമെന്നും 2024 ജനുവരി ഒന്നിനു മുമ്പ് പ്രവർത്തനം തുടങ്ങിയ സ്ഥാപനങ്ങളായിരിക്കരുതെന്നും കുറഞ്ഞത് ഒരു രജിസ്റ്റർ ചെയ്ത ജീവനക്കാരനെങ്കിലും ഉണ്ടായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്. 2018 ൽ ആരംഭിച്ച ഇസ്തിർദാദ് സംരംഭത്തിന്റെ ആദ്യ പതിപ്പ് 27,000 ലേറെ സ്ഥാപനങ്ങൾക്ക് പ്രയോജനം ചെയ്തു. 89,000 ലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പിന്തുണ നൽകുകയും 75 ശതമാനം സുസ്ഥിരതാ നിരക്ക് കൈവരിക്കുകയും ചെയ്തു.