ജിദ്ദ – സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നല്‍കുന്ന പുതിയ നിയമം 2026 ജനുവരി 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ താമസക്കാരായ പ്രവാസികള്‍ക്കും വിദേശത്തുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നിശ്ചിത വ്യവസ്ഥകളോടെ ഇനി സൗദിയില്‍ സ്വന്തമായി വസ്തുവകകള്‍ വാങ്ങാം. ഇതിനായുള്ള അപേക്ഷകള്‍ ‘സൗദി പ്രോപ്പര്‍ട്ടീസ്’ എന്ന ഔദ്യോഗിക ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്.
താമസക്കാരായ പ്രവാസികള്‍ക്ക് ഇഖാമ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലിലൂടെ നേരിട്ട് അപേക്ഷിക്കാവുന്നതാണ്. സൗദിക്ക് പുറത്തുള്ളവര്‍ എംബസികളില്‍ നിന്ന് ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് കരസ്ഥമാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. വിദേശ കമ്പനികള്‍ക്ക് നിക്ഷേപ മന്ത്രാലയത്തിന്റെ ഏകീകൃത നമ്പര്‍ ആവശ്യമാണ്. റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിലും മക്ക, മദീന എന്നിവിടങ്ങളിലും പുതിയ നിയമം ബാധകമാണ്. എന്നാല്‍ മക്കയിലെയും മദീനയിലെയും ഉടമസ്ഥാവകാശം സൗദി കമ്പനികള്‍ക്കും മുസ്ലിം വ്യക്തികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുക, വിദേശ നിക്ഷേപം ആകര്‍ഷിക്കുക, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. സുതാര്യത ഉറപ്പാക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ സംവിധാനവുമായി പോര്‍ട്ടലിനെ നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി അതോറിറ്റിയുടെ വെബ്‌സൈറ്റോ കോള്‍ സെന്ററോ ഉപയോഗപ്പെടുത്താവുന്നതാണ്.



