ജിദ്ദ – കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ശക്തമായ സാമ്പത്തിക ഫലങ്ങള്‍ കൈവരിച്ചു. 2024 അവസാനത്തോടെ മൊത്തം ആസ്തികള്‍ 18 ശതമാനം തോതില്‍ വര്‍ധിച്ച് 4,321 ബില്യണ്‍ (4.3 ട്രില്യണ്‍) റിയാലായി. 2023 അവസാനത്തില്‍ ഫണ്ട് ആസ്തികള്‍ 3,664 ബില്യണ്‍ റിയാലായിരുന്നു.
ഫണ്ടിന്റെ മൊത്തം വരുമാനം 25 ശതമാനം തോതില്‍ വര്‍ധിച്ച് 413 ബില്യണ്‍ റിയാലായി. തൊട്ടു മുന്‍ വര്‍ഷം ഇത് 331 ബില്യണ്‍ റിയാലായിരുന്നു. സാവി ഗെയിമിംഗ്, സൗദി അറേബ്യന്‍ മൈനിംഗ് കമ്പനി (മാആദിന്), സൗദി ടെലികോം കമ്പനി (എസ്.ടി.സി), അല്അഹ്ലി ബാങ്ക് , എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനി (ഏവിലീസ്), ഗള്‍ഫ് ഇന്റര്‍നാഷണല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി പി.ഐ.എഫ് കമ്പനികളില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനവും ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയില്‍ നിന്നുള്ള ലാഭവിഹിതവും ഇതിന് സഹായിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ച വരുമാനം സൃഷ്ടിക്കാന്‍ തുടങ്ങിയ ചില പ്രധാന പദ്ധതികളുടെ സംഭാവനയും ഉയര്‍ന്ന വരുമാനം നേടാന്‍ പി.ഐ.എഫിനെ സഹായിച്ചു.
കഴിഞ്ഞ വര്‍ഷം പി.ഐ.എഫ് 26 ബില്യണ്‍ റിയാല്‍ അറ്റാദായം നേടി. വര്‍ധിച്ചുവരുന്ന പലിശനിരക്ക്, പണപ്പെരുപ്പം തുടങ്ങിയ ആഗോള സാമ്പത്തിക വെല്ലുവിളികള്‍, പ്രവര്‍ത്തന പദ്ധതികളിലെ മാറ്റങ്ങളുടെ ഫലമായി ചില പദ്ധതികളുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍, വര്‍ധിച്ച ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ അറ്റാദായത്തെ ബാധിച്ചു. ഫണ്ടും അനുബന്ധ സ്ഥാപനങ്ങളും ആഗോള ധനകാര്യ വിപണികളിലെ വിജയകരമായ ഇടപാടുകളിലൂടെ ഫണ്ടിംഗ് സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നത് തുടര്‍ന്നതിനാല്‍ വായ്പകള്‍ 570 ബില്യണ്‍ സൗദി റിയാലായി വര്‍ധിച്ചു.