ജിദ്ദ – എണ്ണയെ മാത്രം ആശ്രയിച്ച് സൗദി അറേബ്യക്ക് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണറും സൗദി അറാംകൊ ചെയര്‍മാനുമായ യാസിര്‍ അല്‍റുമയ്യാന്‍. ‘വാഷിംഗ്ടണ്‍ ഡി.സിയിലെ ഇക്കണോമിക് ക്ലബ്ബില്‍ നടന്ന സിമ്പോസിയത്തിലാണ് യാസിര്‍ അല്‍റുമയ്യാന്‍ ഇക്കാര്യം അറിയിച്ചത്. സൗദിയിലെ ജനസംഖ്യ വര്‍ധിച്ചുവരികയാണ്. ലഭ്യമായ എണ്ണയുടെ അളവ് പരിഗണിക്കാതെ തന്നെ പുതിയ തൊഴിലവസരങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളും ആവശ്യമാണ്.
തദ്ദേശീയ ജനസംഖ്യയില്‍ 50 ശതമാനവും 25 വയസ്സിന് താഴെയുള്ളവരാണ്. അവര്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസവും ജീവിത നിലവാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എണ്ണയെ മാത്രം ആശ്രയിച്ച് ഇത് നേടാനാകില്ല. 2030 ആകുമ്പോഴേക്കും സൗദി അറാംകൊയെ എക്‌സോണ്‍മൊബില്‍ പോലുള്ള ആഗോള കമ്പനികളേക്കാള്‍ വലുതാക്കാന്‍ രാജ്യത്തിന്റെ ഗ്യാസ് വിഭണിക്ക് സാധിക്കും.
2025 അവസാനത്തോടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആസ്തി ഒരു ട്രില്യണ്‍ 75 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഫണ്ട് മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ 945 ബില്യണ്‍ ഡോളറാണ്. 2030 ഓടെ ഫണ്ട് ആസ്തികള്‍ കുറഞ്ഞത് രണ്ടു ട്രില്യണ്‍ ഡോളറിലെത്തിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ഇത് മൂന്നു ട്രില്യണ്‍ ഡോളറിലെത്താനുള്ള സാധ്യതയുമുണ്ട്.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 2015 ല്‍ 30 ജീവനക്കാരുൾപ്പെടുന്ന ഒരു ചെറിയ ഓഫീസായിരുന്നു. ഇന്ന്, ഏകദേശം 2,964 ജീവനക്കാരുള്ള വലിയ സ്ഥാപനമായി ഫണ്ട് മാറിയിരിക്കുന്നു. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, ഹോങ്കോംഗ്, ബീജിംഗ് എന്നിവിടങ്ങളില്‍ ആഗോള ഓഫീസുകളുടെ ശൃംഖലയും കയ്റോ, അമ്മാന്‍, മനാമ, മസ്‌കത്ത് എന്നിവിടങ്ങളില്‍ പ്രാദേശിക ഓഫീസുകളും ഫണ്ടിനു കീഴിലുണ്ട്.
ഒരു ബാരല്‍ എണ്ണ വേര്‍തിരിച്ചെടുക്കാന്‍ സൗദി അറാംകൊക്ക് വരുന്ന ചെലവ് മൂന്നു ഡോളര്‍ മുതല്‍ മൂന്നര ഡോളര്‍ വരെയാണ്. പര്യവേക്ഷണത്തിലും ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും ആധുനിക സാങ്കേതികവിദ്യയെയും കൃത്രിമബുദ്ധിയെയും ആശ്രയിക്കുന്നതാണ് കുറഞ്ഞ ചെലവിന് കാരണം. ഇത് പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും ചെലവ് കുറക്കാനും സഹായിക്കുന്നു. പ്രതിദിനം 1.2 കോടി ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി അറാംകൊക്കുണ്ട്. നിലവിലെ പ്രതിദിന ഉല്‍പ്പാദനം ഏകദേശം ഒരു കോടി ബാരലാണ്. കരുതല്‍ ശേഖരം വര്‍ധിപ്പിക്കാന്‍ പര്യവേക്ഷണം വികസിപ്പിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പാദന ശേഷി 20 ശതമാനം തോതില്‍ വര്‍ധിപ്പിക്കാന്‍ അറാംകൊക്ക് സാധിക്കും.
ഫണ്ടിന്റെ തന്ത്രം ആരംഭിച്ച ശേഷം നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം 7.2 ശതമാനമായി വര്‍ധിച്ചു. സാമ്പത്തിക വൈവിധ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെ ഫണ്ട് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 13 പ്രാദേശിക, ആഗോള മേഖലകളില്‍ ഫണ്ടിന് സാന്നിധ്യമുണ്ട്. 2030 മുതല്‍ 2040 വരെ നീണ്ടുനില്‍ക്കുന്ന പുതിയ തന്ത്രം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഫണ്ട് പ്രഖ്യാപിക്കും. ഫണ്ടിന്റെ നിക്ഷേപ തെരഞ്ഞെടുപ്പ് പ്രക്രിയ സാമ്പത്തിക വരുമാനത്തില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിലേക്കുള്ള സംഭാവന വര്‍ധിപ്പിക്കുന്ന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന, എണ്ണയെ ആശ്രയിക്കുന്നത് കുറക്കുന്ന മേഖലകള്‍ ഉള്‍പ്പെടുന്നതായും യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു. വാഷിംഗ്ടണ്‍ ഇക്കണോമിക് ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡേവിഡ് റൂബന്‍സ്‌റ്റൈന്‍ മോഡറേറ്ററായ സിമ്പോസിയത്തില്‍ ഒരുകൂട്ടം സാമ്പത്തിക വിദഗ്ധരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.