ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 24.8 ലക്ഷമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. മാനവശേഷി വികസന നിധി ധനസഹായങ്ങളോടെ ഈ വര്‍ഷം ആദ്യ പാദത്തില്‍ 1,43,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചു. സ്വദേശികള്‍ക്കുള്ള പരിശീലന, ശാക്തീകരണ, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍ക്ക് മൂന്നു മാസത്തിനിടെ മാനവശേഷി വികസന നിധി 183 കോടി റിയാല്‍ ചെലവഴിച്ചു.
തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകളുടെ നിരീക്ഷണം ആരംഭിച്ച ശേഷം സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയായ 6.3 ശതമാനത്തിലേക്ക് താഴ്ന്നു. തൊഴില്‍ വിപണി വികസിപ്പിക്കാനും സ്വദേശികളെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ പ്രോഗ്രാമുകളുടെയും സംരംഭങ്ങളുടെയും സഞ്ചിത സ്വാധീനമാണ് തൊഴിലില്ലായ്മ നിരക്കിലെ കുറവ് പ്രതിഫലിപ്പിക്കുന്നത്.
2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് വിഷന്‍ 2030 ലക്ഷ്യമിട്ടിരുന്നത്. നിശ്ചയിച്ചതിലും ആറ് വര്‍ഷം മുമ്പേ ഇത് മറികടക്കാന്‍ സാധിച്ചു. ഈ പശ്ചാത്തലത്തില്‍ 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനമായി കുറക്കുകയെന്ന പുതിയ ലക്ഷ്യം നിര്‍ണയിച്ചിട്ടുണ്ട്. ഈ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. തൊഴില്‍ വിപണിയില്‍ സൗദി വനിതാ പങ്കാളിത്തം റെക്കോര്‍ഡ് നിലവാരത്തിലെത്തി.
സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.5 ശതമാനമായി കുറഞ്ഞു. ചരിത്രപരമായി ഏറ്റവും താഴ്ന്ന നിലയാണിത്. സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2024 നാലാം പാദത്തിലെ 11.9 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ 3.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, വനിതകള്‍ക്ക് ഉത്തേജകവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം നല്‍കല്‍, ദേശീയ വളര്‍ച്ചക്ക് ഫലപ്രദമായി സംഭാവന നല്‍കാനുള്ള അവരുടെ കഴിവ് വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രോഗ്രാമുകളുടെയും സംരംഭങ്ങളുടെയും സ്വാധീനം ഇത് സ്ഥിരീകരിക്കുന്നു.
നയങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കുക, ദേശീയ തൊഴില്‍ ശക്തിയെ ശാക്തീകരിക്കുക, സ്വകാര്യ മേഖലയുമായും ബന്ധപ്പെട്ട വകുപ്പുകളുമായും പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച ദേശീയ തൊഴില്‍ വിപണി തന്ത്രത്തിന്റെ സ്വാധീനം ഈ ഫലങ്ങള്‍ വ്യക്തമാക്കുന്നതായും മന്ത്രാലയം പറഞ്ഞു.