ന്യൂയോർക്ക്: വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യയും ഫലസ്തീനും മൂന്ന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ഫലസ്തീൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ് മുസ്തഫയും ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സൗദി മിഷന്റെ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറുകൾ ഒപ്പുവെച്ചത്. ഫ്രാൻസിന്റെ സഹകരണത്തോടെ സൗദി അറേബ്യയുടെ അധ്യക്ഷതയിൽ നടന്ന, ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ചാണ് ഈ ചർച്ചകൾ നടന്നത്.
മാനവ മൂലധന വികസനം, പാഠ്യപദ്ധതി പരിഷ്കരണം, ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിലാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. ഈ കരാറുകൾ ഫലസ്തീൻ സർക്കാരിന്റെ പരിഷ്കരണ പരിപാടികളെ പിന്തുണയ്ക്കുകയും ഫലസ്തീൻ പ്രശ്നത്തിൽ സൗദി അറേബ്യയുടെ നിലവിലുള്ള പിന്തുണയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും, ഫലസ്തീൻ അവകാശങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ സംയുക്ത നടപടികൾ സ്വീകരിക്കാനും ചർച്ചകളിൽ ധാരണയായി.
ആദ്യ ധാരണാപത്രം മാനവ മൂലധന വികസനത്തിൽ സഹകരണം ലക്ഷ്യമിടുന്നു. ഇതിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് എൻജിനീയർ ഇബ്രാഹിം അഹമ്മദ് ബാഹമ്മാമും ഫലസ്തീനെ പ്രതിനിധീകരിച്ച് ഡോ. എസ്തഫാൻ ആന്റണി സലാമയും ഒപ്പുവെച്ചു. രണ്ടാമത്തെ കരാർ, ഇരു രാജ്യങ്ങളുടെ വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തമ്മിലുള്ള പാഠ്യപദ്ധതി വികസന സഹകരണത്തിനാണ്. ഇതിൽ സൗദി അറേബ്യയ്ക്ക് വേണ്ടി ഡോ. അബ്ദുറഹ്മാൻ ബിൻ മകമി അൽറുവൈലിയും ഫലസ്തീനിന് വേണ്ടി ഡോ. എസ്തഫാൻ സലാമയും ഒപ്പിട്ടു. മൂന്നാമത്തെ ധാരണാപത്രം, ആശയവിനിമയ-വിവരസാങ്കേതിക മേഖലയിൽ വൈദഗ്ധ്യം കൈമാറ്റം ചെയ്ത് ഫലസ്തീനിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനാണ്. ഇതിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മൻസൂർ ബിൻ സ്വാലിഹ് അൽഖുറശിയും ഫലസ്തീനിന് വേണ്ടി ഡോ. എസ്തഫാൻ സലാമയും ഒപ്പുവെച്ചു.
ഈ കരാറുകൾ ഫലസ്തീൻ യുവാക്കളെ ശാക്തീകരിക്കാനും വിദ്യാഭ്യാസ-ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഫലസ്തീനികളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. ഗാസയിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമിയുമായി യു.എൻ ആസ്ഥാനത്ത് ചർച്ച നടത്തി. ബ്രിട്ടന്റെ ഫലസ്തീൻ രാഷ്ട്ര അംഗീകാരത്തിനുള്ള ഉദ്ദേശ്യത്തെയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണയെയും സൗദി അറേബ്യ സ്വാഗതം ചെയ്തു.
പോർച്ചുഗീസ് വിദേശ മന്ത്രി പൗലോ റാഞ്ചലിനെയും ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഡോ. ഫുവാദ് മുഹമ്മദ് ഹുസൈനിനെയും സൗദി വിദേശ മന്ത്രി പ്രത്യേകം കണ്ടു. ഉഭയകക്ഷി ബന്ധങ്ങൾ, ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സംഭവവികാസങ്ങൾ, യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവ ചർച്ചയായി.
സൗദി അറേബ്യയുടെ യു.എസ്. അംബാസഡർ റീമ ബിന്ത് ബന്ദർ രാജകുമാരി, വിദേശ മന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മിസ്അബ് ബിൻ മുഹമ്മദ് അൽഫർഹാൻ, സാമ്പത്തിക വികസന വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുല്ല ബിൻ സർഅ, ഉപദേഷ്ടാവ് മുഹമ്മദ് അൽയഹ്യ, പ്ലീനിപൊട്ടൻഷ്യറി മന്ത്രി ഡോ. മനാൽ റദ്‌വാൻ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.