ജിദ്ദ – സൗദിയിൽ മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവയവങ്ങൾ ദാനം ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചു ഇതിനകം 5,40,600 പേരാണ് തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത്. രോഗികളുടെ ജീവന്‍ രക്ഷിക്കാനും അവരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മാനുഷിക പദ്ധതിയാണിത്.
സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ രോഗികളെ സേവിക്കാനും, അവരുടെ ജീവിതവും ഭാവിയും മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നു.
കഴിഞ്ഞ വര്‍ഷം സൗദിയില്‍ മരണപ്പെട്ടവരില്‍ നിന്ന് നീക്കം ചെയ്ത അവയവങ്ങള്‍ രോഗികളില്‍ മാറ്റിവെക്കുന്ന 393 ശസ്ത്രക്രിയകളാണ് നടത്തിയത്. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഇത്തരത്തില്‍ പെട്ട ശസ്ത്രക്രിയകളുടെ എണ്ണം 12.3 ശതമാനം വര്‍ധിച്ചു.
ജീവിച്ചിരിക്കുന്നവര്‍ ദാനം ചെയ്ത അവയവങ്ങള്‍ രോഗികളില്‍ മാറ്റിവെക്കുന്ന 1,706 ഓപ്പറേഷനുകളും കഴിഞ്ഞ വര്‍ഷം നടത്തി. 2023 നെ അപേക്ഷിച്ച് 4.9 ശതമാനം വർധനയാണുണ്ടായത്. മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ വൃക്കകള്‍ ലഭ്യമാക്കാനായി, വൃക്ക രോഗികളുടെ കുടുംബങ്ങള്‍ക്കിടയില്‍ വൃക്കകള്‍ പരസ്പരം ദാനം ചെയ്യാന്‍ അവസരമൊരുക്കുന്ന ദേശീയ പദ്ധതി കഴിഞ്ഞ കൊല്ലം 19 പേര്‍ക്ക് പ്രയോജനപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.