ജിദ്ദ – കന്നുകാലികള്‍ക്ക് നല്‍കുന്ന വെറ്ററിനറി മരുന്നുകള്‍ മനുഷ്യരില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. വെറ്ററിനറി മരുന്നുകള്‍ നല്‍കിയ, മരുന്നുകളുടെ സ്വാധീനം ശരീരത്തില്‍ നിന്ന് പൂര്‍ണമായും പുറത്തുപോകുന്നതു വരെയുള്ള (നിരോധന) കാലത്ത് കശാപ്പ് ചെയ്യുന്ന കന്നുകാലികളുടെ ഇറച്ചി കഴിക്കുന്നത് കരള്‍, വൃക്ക രോഗങ്ങളും ക്യാന്‍സറും പിടിപെടാന്‍ ഇടയാക്കുമെന്ന നിലക്ക് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുന്നുണ്ട്. വെറ്ററിനറി മരുന്നുകളുടെ സജീവ കാലയളവ് മരുന്നുകളിലെ ഘടകങ്ങള്‍ക്കും ഡോസ് നല്‍കുന്ന രീതിക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ചില ആന്റിബയോട്ടിക്കുകളുടെ അവശിഷ്ടങ്ങള്‍ ഇറച്ചി മിതമായി പാകം ചെയ്യുന്നതിലൂടെ ഇല്ലാതാകും.
സൗദിയിലെ കശാപ്പുശാലകള്‍ക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും നാഷണല്‍ സെന്റര്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പ്ലാന്റ്‌സ്, പെസ്റ്റ്‌സ് ആന്റ് അനിമല്‍ ഡിസീസസും (വിഖാ) മേല്‍നോട്ടം വഹിക്കുകയും കശാപ്പ് ചെയ്യുന്ന കന്നുകാലികള്‍ക്ക് വെറ്ററിനറി മരുന്നുകള്‍ കുത്തിവെക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 380 ലേറെ കശാപ്പുശാലകള്‍ 1,050 വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നിരീക്ഷിക്കുന്നു. ദിവസേന കശാപ്പ് ചെയ്യുന്ന 22,000 ലേറെ കന്നുകാലികളെ ഇവര്‍ സൂക്ഷ്മമായി പരിശോധിച്ച് രോഗങ്ങളില്‍ നിന്നും പരിക്കുകളില്‍ നിന്നും മുക്തമാണെന്നും ഉപയോഗയോഗ്യമാണെന്നും ഉറപ്പുവരുത്തുന്നതായും മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group