ജിദ്ദ – ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിദേശങ്ങളിലെ സൗദി എംബസികളും കോണ്‍സുലേറ്റുകളും 50 ലക്ഷത്തിലേറെ വിസകള്‍ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയ റിപ്പോര്‍ട്ട്. പ്രതിദിനം 55,000 വിസകളും മിനിറ്റില്‍ 39 വിസകളും ഓരോ ഒന്നര സെക്കന്‍ഡിലും ഒരു വിസ തോതിലും രണ്ടാം പാദത്തില്‍ അനുവദിച്ചു.
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സൗദി എംബസികളും കോണ്‍സുലേറ്റുകളും ഏറ്റവും കൂടുതല്‍ അനുവദിച്ചത് ഉംറ വിസകളാണ്. മൂന്നു മാസത്തിനിടെ 32,76,751 ഉംറ വിസകള്‍ അനുവദിച്ചു. മൂന്നാം പാദത്തില്‍ അനുവദിച്ച ആകെ വിസകളില്‍ 65 ശതമാനം ഉംറ വിസകളാണ്. ടൂറിസ്റ്റ് വിസകളാണ് രണ്ടാം സ്ഥാനത്ത്. 5,90,714 ടൂറിസ്റ്റ് വിസകള്‍ മൂന്നു മാസത്തിനിടെ അനുവദിച്ചു. 5,12,701 കുടുംബ സന്ദര്‍ശന വിസകളും 84,469 ഇ-വിസകളും ഇക്കാലയളവില്‍ അനുവദിച്ചു. ശേഷിക്കുന്നവ ബിസിനസ്, തൊഴില്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്കുള്ള സന്ദര്‍ശന വിസകളാണ്.
വിദേശങ്ങളിലെ സൗദി എംബസികളും കോണ്‍സുലേറ്റുകളും വഴി മൂന്നാം പാദത്തില്‍ അനുവദിച്ച വിസകളുമായി ബന്ധപ്പെട്ട കണക്കാണിത്. നിരവധി രാജ്യക്കാര്‍ക്ക് സൗദി അറേബ്യ ഇപ്പോള്‍ ഓണ്‍-അറൈവല്‍ വിസയും വിദേശ മന്ത്രാലയത്തിന്റെ വിസിറ്റ് സൗദി വിസ പ്ലാറ്റ്‌ഫോം വഴി ഇ-വിസയും അനുവദിക്കുന്നുണ്ട്. ഇതിനു പുറമെ സൗദി വിമാന കമ്പനികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ കാലാവധിയുള്ള സൗജന്യ ട്രാന്‍സിറ്റ് വിസയും അനുവദിക്കുന്നുണ്ട്. ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ അടക്കം ഏതു വിസയിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും സൗദിയിലെ മുഴുവന്‍ പ്രദേശങ്ങളിലും നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാനും വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനും മറ്റും കഴിയും.