റിയാദ്– സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരുമായി സഹകരിച്ച് റോബോട്ടിക് ഫാക്ടറികൾ ആരംഭിക്കാൻ സൗദി അറേബ്യ നീക്കം നടത്തുകയാണെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തി. നിലവിൽ സൗദിയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണം 52,000 ആയി ഉയർന്നിട്ടുണ്ട്. വിഷൻ 2030 ആരംഭിക്കുമ്പോൾ വിദേശ കമ്പനികൾ 5,000 മാത്രമായിരുന്നു.
സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങൾ സ്ഥാപിച്ച അന്താരാഷ്ട്ര കമ്പനികളുടെ എണ്ണം 660 ആയി ഉയർന്നു. മുമ്പ് നിശ്ചയിച്ച ലക്ഷ്യങ്ങളെക്കാൾ കൂടുതലാണിത്. 2030 ഓടെ 500 ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനൽ ആസ്ഥാനങ്ങൾ ആകർഷിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. വരും വർഷങ്ങളിൽ ഈ കമ്പനികൾ രാജ്യത്ത് 500 ബില്യൺ റിയാലിന്റെ നിക്ഷേപങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ സൗദിയിൽ പ്രാദേശിക ആസ്ഥാനങ്ങൾ തുറക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണം 1,000 കവിയുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
പ്രതിമാസം 10 മുതൽ 12 വരെ വിദേശ കമ്പനികൾക്ക് നിക്ഷേപ മന്ത്രാലയം ലൈസൻസുകൾ നൽകുന്നുണ്ട്. 2025ൽ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപ പ്രവാഹം കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലായിരിക്കും. ദേശീയ നിക്ഷേപ തന്ത്രത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്ത വർഷം പ്രഖ്യാപിക്കും. ആഗോള സാമ്പത്തിക മാന്ദ്യവും അനിശ്ചിതത്വവും ലോകമെമ്പാടുമുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ടെങ്കിലും, സൗദി അറേബ്യ അതിവേഗം വിദേശ നിക്ഷേപം ആകർഷിക്കുന്നത് തുടരുകയാണെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.