ജിദ്ദ – വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പദ്ധതി ശ്രമങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് മുന്‍ വര്‍ഷങ്ങളില്‍ വ്യവസായ മേഖലയില്‍ സൗദി അറേബ്യ കൈക്കൊണ്ട ശ്രദ്ധേയമായ നടപടികളുടെ ഫലമായി രാജ്യത്ത് കഴിഞ്ഞ വര്‍ഷാവസാനത്തോടെ വ്യവസായശാലകളുടെ എണ്ണം 11,549 ആയി ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം പെട്രോളിതര കയറ്റുമതി 277 ബില്യണ്‍ റിയാലായും ഉയര്‍ന്നു.
സൗദിയില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍ അഞ്ചായി. ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 22 ആയി. ഖനന മേഖലയില്‍ കാലാവധിയുള്ള ലൈസന്‍സുകള്‍ 2,355 ഉം ലോജിസ്റ്റിക്‌സ് സേവന മേഖലാ ലൈസന്‍സുകള്‍ 563 ഉം സൈനിക വ്യവസായ ലൈസന്‍സുകള്‍ 256 ഉം ആയി ഉയര്‍ന്നു.
സൈനിക വ്യവസായ മേഖലയില്‍ പ്രാദേശികവല്‍ക്കരണം 10.4 ശതമാനമായി. 2016 ല്‍ ഇത് 7.7 ശതമാനമായിരുന്നു. 2023 അവസാനത്തോടെ സൈനിക വ്യവസായ മേഖലയില്‍ പ്രാദേശികവല്‍ക്കരണം ഒമ്പതു ശതമാനമായി ഉയര്‍ത്താനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. ഇത് മറികടക്കാനായി. 2030 ഓടെ സൈനിക വ്യവസായ മേഖലാ പ്രാദേശികവല്‍ക്കരണം 50 ശതമാനമായി ഉയര്‍ത്താന്‍ ഉന്നമിടുന്നു. കസ്റ്റംസ് ക്ലിയറന്‍സിന് എടുക്കുന്ന സമയം ഇപ്പോള്‍ രണ്ടു മണിക്കൂറായി കുറഞ്ഞിട്ടുണ്ട്.