ജിദ്ദ– കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സൗദി അറേബ്യ 19 ലക്ഷത്തിലേറെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ സൗദിയിലേക്ക് ഏറ്റവുമധികം വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. പ്രാദേശിക വിതരണ ശൃംഖലയുടെ മൂല്യം വര്‍ധിപ്പിക്കാനും വാഹന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനും രാജ്യം നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നായ സൗദിയിലേക്ക് 2025 ല്‍ 9,59,403 വാഹനങ്ങളും 2024 ല്‍ രാജ്യത്തേക്ക് 9,42,118 വാഹനങ്ങളുമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ചൈനയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ചൈനക്കു ശേഷം രണ്ടാം സ്ഥാനത്ത് ജപ്പാനാണ്. ഇന്ത്യ മൂന്നാം സ്ഥാനത്തും തായ്ലന്‍ഡ് നാലാം സ്ഥാനത്തും ദക്ഷിണ കൊറിയ അഞ്ചാം സ്ഥാനത്തുമാണ്. അമേരിക്ക ആറാം സ്ഥാനത്താണ്. സൗദി കാര്‍ വിപണിയില്‍ അമേരിക്കന്‍ വാഹനങ്ങളുടെ സാന്നിധ്യത്തിലെ ഇടിവ് ഇത് സൂചിപ്പിക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച 20 വാഹന വിപണികളില്‍ ഒന്നാണ് സൗദി അറേബ്യ. വിതരണ ശൃംഖലയുടെ വഴക്കം വര്‍ധിപ്പിക്കാനും വാഹന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനും ലക്ഷ്യമിട്ടുള്ള നിരവധി നടപടികള്‍ രാജ്യം സമീപ കാലത്ത് സ്വീകരിച്ചിട്ടുണ്ട്. റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്‌പെഷ്യല്‍ ഇക്കണോമിക് സോണില്‍ കിംഗ് സല്‍മാന്‍ ഓട്ടോമോട്ടീവ് കോംപ്ലക്‌സ് എന്ന പേരില്‍ കാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മേഖല സ്ഥാപിച്ചത് ഇതില്‍ പെടുന്നു.
സൗദിയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ സീര്‍, 2023 ല്‍ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ ആദ്യത്തെ അന്താരാഷ്ട്ര ഫാക്ടറി തുറന്ന ലൂസിഡ് മോട്ടോഴ്സ് എന്നിവയുടെ ഫാക്ടറികള്‍ അടക്കം ഓട്ടോമോട്ടീവ് മേഖലയിലെ പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ക്ക് ഈ സമുച്ചയം പ്രധാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ഓട്ടോമോട്ടീവ് വ്യവസായത്തെയും സുസ്ഥിര ഗതാഗത പരിഹാരങ്ങളെയും പ്രാപ്തമാക്കുന്ന ഈ കോംപ്ലക്‌സില്‍ ഹ്യുണ്ടായ് മോട്ടോര്‍ പോലുള്ള ആഗോള വാഹന നിര്‍മ്മാതാക്കളുമായി ചേര്‍ന്നുള്ള നിരവധി സംയുക്ത സംരംഭങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇത് എണ്ണ ഇതര ജി.ഡി.പി വളര്‍ച്ചയെ പിന്തുണക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും വാഹന വ്യവസായ മേഖലയുടെ ശേഷികള്‍ വര്‍ധിപ്പിക്കുകയും വൈദഗ്ധ്യം പ്രാദേശികവല്‍ക്കരിക്കുകയുമാണ് ലക്ഷ്യം.
ഓട്ടോമോട്ടീവ്, ഗതാഗത മേഖലക്കാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ ഫണ്ടിന്റെ മുന്‍ഗണന. അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും പ്രാദേശിക വിതരണ ശൃംഖല ശേഷികളുടെ വികസനത്തെ പിന്തുണക്കാനുമായി സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെ ഓട്ടോമോട്ടീവ് മേഖലയില്‍ നിരവധി നിക്ഷേപങ്ങള്‍ ഫണ്ട് നടത്തിയിട്ടുണ്ട്. ഓട്ടോമോട്ടീവ് നിര്‍മ്മാണത്തിലും അനുബന്ധ വ്യവസായങ്ങളിലും മുന്‍നിര ആഗോള കമ്പനികളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങളിലൂടെ പ്രാദേശിക വൈദഗ്ധ്യത്തിന്റെയും സാങ്കേതികവിദ്യകളുടെയും വികസനത്തെ പിന്തുണക്കാനാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ലക്ഷ്യമിടുന്നത്.



