ജിദ്ദ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആരംഭിച്ച ദേശീയ രക്തദാന കാമ്പെയ്‌നിൽ പങ്കെടുത്ത് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലും ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബും രക്തം ദാനം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സാമൂഹിക അവബോധം വളർത്താനും ഐക്യദാർഢ്യത്തിന്റെ മൂല്യങ്ങൾ ശക്തിപ്പെടുത്താനും കിരീടാവകാശിയുടെ രക്തദാനം പ്രചോദനാത്മക മാതൃകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
കാമ്പെയ്‌നിന്റെ ആദ്യ ദിവസത്തെ അപേക്ഷിച്ച് രക്തദാതാക്കളുടെ എണ്ണം നാലിരട്ടിയിലേറെ വർധിച്ചതായി ദേശീയ രക്തദാന സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഈ നേട്ടം ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പത്ത് തവണയോ അതിലധികമോ രക്തം ദാനം ചെയ്ത 22,000-ലേറെ സ്വദേശികൾക്കും വിദേശികൾക്കും കഴിഞ്ഞ പത്ത് വർഷത്തിനിടെ കിംഗ് അബ്ദുൽ അസീസ് തേർഡ് ക്ലാസ് മെഡൽ നൽകിയിട്ടുണ്ട്.


ദേശീയ രക്തദാന കാമ്പെയ്‌നിലെ വ്യാപക പങ്കാളിത്തം സമൂഹത്തിൽ ഐക്യദാർഢ്യവും ദാനശീലവും പ്രതിഫലിപ്പിക്കുകയും സന്നദ്ധസേവന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കാമ്പെയ്‌നിന്റെ വിജയം തെളിയിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ലഭ്യത സുഗമമാക്കുക, രക്ത ലഭ്യതയുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ട് രാജ്യത്തെ ബ്ലഡ് ഡൊണേഷൻ സെന്ററുകൾ രക്തദാതാക്കളെ സ്വീകരിക്കുന്നത് തുടരുന്നു.
ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഒപ്പം രക്തം ദാനം ചെയ്ത് ടൂറിസം മന്ത്രാലയത്തിന്റെ രക്തദാന കാമ്പെയ്‌ൻ ഉദ്ഘാടനം ചെയ്തു.