ജിദ്ദ: ഗാസയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടുത്തെ നിവാസികൾക്ക് മാനുഷിക സഹായം തടസ്സമില്ലാതെ ലഭ്യമാക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ദുരിതാശ്വാസ, പ്രവർത്തന ഏജൻസിക്കും മറ്റ് മാനുഷിക സംഘടനകൾക്കും പിന്തുണ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജിദ്ദയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അടിയന്തര മന്ത്രിതല യോഗത്തിൽ ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ ചർച്ച ചെയ്തുകൊണ്ട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.
സൗദി അറേബ്യ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ‘ഗ്രേറ്റർ ഇസ്രായേൽ വിഷൻ’ എന്ന പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു. ഇസ്രായേലിന്റെ ജൂത കുടിയേറ്റ കോളനി വിപുലീകരണ പദ്ധതികളെ പൂർണമായി നിരാകരിക്കുന്നതായും സൗദി വ്യക്തമാക്കി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ചരിത്രപരമായ അവകാശം ഫലസ്തീനികൾക്കുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫലസ്തീൻ അതോറിറ്റിയുടെ ശേഷി വർധിപ്പിക്കാനും അതിന്റെ ദേശീയ സ്ഥാപനങ്ങളെ ശാക്തീകരിക്കാനും അന്താരാഷ്ട്ര സമൂഹം പിന്തുണ നൽകണമെന്ന് സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുന്ന ഫലസ്തീൻ നികുതി വരുമാനം വിട്ടുകൊടുക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയാദിൽ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടികളിൽ രൂപീകരിച്ച അറബ്-ഇസ്‌ലാമിക് മന്ത്രിതല സമിതി, ഫലസ്തീൻ ജനതയുടെ രാഷ്ട്രസ്ഥാപന അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനും ഗാസയിലേക്ക് മാനുഷിക സഹായം വേഗത്തിൽ എത്തിക്കുന്നതിനും ലോകത്തെ സ്വാധീനമുള്ള രാജ്യങ്ങളുമായി ആശയവിനിമയം തുടരുകയാണ്.
ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള വർധിച്ചുവരുന്ന അന്താരാഷ്ട്ര ഐക്യത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ നിയമലംഘനങ്ങളെ അന്താരാഷ്ട്ര സമൂഹത്തിലെ ബഹുഭൂരിപക്ഷവും നിരാകരിക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴും ഇസ്രായേലിന്റെ നിയമലംഘനങ്ങളെ അപലപിക്കാൻ മടിക്കുന്ന രാജ്യങ്ങൾ, ഇസ്രായേൽ അധിനിവേശത്തിന്റെയും വിപുലീകരണ നയങ്ങളുടെയും യാഥാർഥ്യങ്ങൾ ഇനി ആരിൽനിന്നും മറച്ചുവയ്ക്കാനാകില്ലെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായി ഫലസ്തീനികൾ ക്രൂരമായ അടിച്ചമർത്തലിനും വംശഹത്യക്കും വിധേയരാകുന്നു. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ഗാസയിലെ മാനുഷിക ദുരന്തം വർധിപ്പിക്കുകയും മേഖലയിലും ലോകത്തും സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള സാധ്യതകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും, ഗാസ പിടിച്ചെടുക്കാനും, ജൂത കുടിയേറ്റ പദ്ധതികൾ അടിച്ചേൽപ്പിക്കാനുമുള്ള ശ്രമങ്ങൾ തടയാനും അന്താരാഷ്ട്ര സമൂഹം നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1967 ജൂൺ 4-ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഫലസ്തീനികൾക്കുണ്ട്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുകയാണ് സ്ഥിരത കൈവരിക്കാനുള്ള ഏക നീതിയുക്തമായ മാർഗമെന്ന് അദ്ദേഹം വ്യക്തമാക്കി. സിവിലിയന്മാർക്കെതിരായ ഇസ്രായേലിന്റെ തുടർച്ചയായ കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറയെ തകർക്കുന്നു. ഇത്തരം നടപടികളെ അപലപിക്കാൻ മടിക്കുന്ന രാജ്യങ്ങൾ അവരുടെ നിലപാടുകൾ പുനഃപരിശോധിക്കണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു.
OIC അടിയന്തര യോഗത്തോടനുബന്ധിച്ച്, ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഗാംബിയ, ഇറാൻ, ഈജിപ്ത്, പാകിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായി ഗാസയിലെ സംഭവവികാസങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രത്യേകം ചർച്ച ചെയ്തു.