റിയാദ് – സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്നതിനും നാട്ടിലേക്ക് കൊണ്ടുവരുന്നതിനും പുതിയ ചട്ടങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നു. സൗദിയിലേക്ക് പ്രവേശിക്കുകയോ തിരിച്ച് പോകുകയോ ചെയ്യുന്ന രോഗികൾ സൈക്കോട്രോപിക് വസ്തുക്കള്‍ അടങ്ങിയ വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ക്ക് ക്ലിയറന്‍സ് പെര്‍മിറ്റ് നേടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിശ്ചയിച്ച പ്രത്യേക മരുന്നുകൾക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകം.
നവംബര്‍ ഒന്ന് മുതല്‍ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. മരുന്നുകള്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ ഇലക്ട്രോണിക് റെസ്ട്രിക്ടഡ് ഡ്രഗ്‌സ് സിസ്റ്റം വഴി അവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണം. കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന മരുന്ന് സ്വന്തം ഉപയോഗത്തിനുള്ളതാണോ അതോ മറ്റൊരു രോഗിയുടേതാണോ എന്നും വ്യക്തമാക്കേണ്ടതുണ്ട്.
രോഗികൾക്ക് പിന്തുണയും കുറ്റമറ്റ യാത്ര ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏകീകൃതവും സമഗ്രവുമായ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി അനധികൃത മരുന്ന് കടത്ത് തടയാനും അംഗീകൃത നിയന്ത്രണങ്ങൾ പൂർണമായി പാലിക്കുന്നത് ഉറപ്പാക്കാനും ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. നാർക്കോട്ടിക് വിഭാഗത്തിൽ പെടുന്നതും സൈക്യാട്രി മരുന്നുകളുമാണ് കൂടുതൽ കർശനമായ പരിശോധനകൾക്ക് വിധേയമാക്കുക.
ഏതൊക്കെ മരുന്നുകൾ രാജ്യത്തേക്ക് കൊണ്ടുവരാം, കൊണ്ടുവരാവുന്ന അളവുകൾ എത്രയാണ് എന്നതുൾപ്പെടെ അനുവദനീയമായ മരുന്നുകളുടെ അളവുകളുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും cds.sfda.gov.sa വെബ്സൈറ്റിൽ ലഭ്യമാണ്. യാത്രക്കാർക്ക് സി.ഡി.എസ് പ്ലാറ്റ്‌ഫോം വഴി ഒരു വ്യക്തിഗത അക്കൗണ്ട് ഉണ്ടാക്കി രോഗിയുടെ വിശാദംശങ്ങളും യാത്രാ വിവരങ്ങളും അടങ്ങിയ ഒരു ഇലക്ട്രോണിക് ക്ലിയറൻസ് പെർമിറ്റ്ന് അപേക്ഷിക്കാം. ഡോക്ടറുടെ കുറിപ്പടി, മെഡിക്കൽ റിപ്പോർട്ട്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്‌താണ് പെർമിറ്റിന് അപേക്ഷിക്കേണ്ടത്.