ന്യൂയോര്‍ക്ക് – ഫലസ്തീന്‍ അതോറിറ്റിക്ക് ധനസഹായം നല്‍കാനായി അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ച് സൗദി അറേബ്യ. അമേരിക്ക അടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തിയതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഫലസ്തീന്‍. അതോറിറ്റിക്ക് നേരിട്ട് ധനസഹായം നല്‍കാനായി പ്രധാന പങ്കാളികളുമായി ചേര്‍ന്ന് അടിയന്തിര അന്താരാഷ്ട്ര സഖ്യം സ്ഥാപിച്ചതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് പ്രഖ്യാപിച്ചത്.
ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി 90 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കും. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെ സൗദി അറേബ്യ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നും വിദേശ മന്ത്രി പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഉന്നതതല മന്ത്രിതല യോഗത്തെ കുറിച്ച് വിശദീകരിക്കാന്‍ ന്യൂയോര്‍ക്കില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച യു.എന്‍ അംഗത്വമുള്ള രാജ്യങ്ങളുടെ എണ്ണം 159 ആയി ഉയര്‍ന്നിട്ടുണ്ട്. ഈ ആഴ്ച ന്യൂയോര്‍ക്കില്‍ അറബ്, ഇസ്‌ലാമിക നേതാക്കള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.