ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തിലും ആദ്യ പകുതിയിലും സൗദി ഇലക്ട്രിസിറ്റി കമ്പനി ലാഭത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി. കമ്പനി മികച്ച സാമ്പത്തിക, പ്രവര്‍ത്തന പ്രകടനം കാഴ്ചവെച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ കമ്പനി അറ്റാദായും 530 കോടി റിയാലായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം രണ്ടാം പാദത്തില്‍ ലാഭത്തില്‍ 22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 24 വളര്‍ച്ച രേഖപ്പെടുത്തി. മൂന്നു മാസത്തിനിടെ കമ്പനി 2,770 കോടി റിയാല്‍ വരുമാനം നേടി. മൊത്ത ലാഭം 42 ശതമാനം വര്‍ധിച്ച് 740 കോടി റിയാലായി. പ്രവര്‍ത്തന ലാഭം 21 ശതമാനം തോതില്‍ വര്‍ധിച്ച് 680 കോടി റിയാലായി. നികുതിയും സകാത്തും ടാക്‌സും കഴിഞ്ഞുള്ള അറ്റാദായം 530 കോടി റിയാലാണ്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ വരുമാനം 23 ശതമാനം തോതില്‍ വര്‍ധിച്ച് 4,720 കോടി റിയാലായി. മൊത്ത ലാഭം 40 ശതമാനം തോതില്‍ വര്‍ധിച്ച് 1,020 കോടി റിയാലിലെത്തി. പ്രവര്‍ത്തന ലാഭം 20 ശതമാനം തോതില്‍ വര്‍ധിച്ച് 910 കോടി റിയാലായി. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 19 ശതമാനം തോതില്‍ വര്‍ധിച്ചു. ആറു മാസത്തിനിടെ 630 കോടി റിയാലിന്റെ അറ്റാദായം കൈവരിച്ചു.
കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയില്‍ വൈദ്യുത ലോഡുകളില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. പീക്ക് ലോഡ് മൂന്നു ശതമാനം വര്‍ധിച്ച് 75.1 ജിഗാവാട്ടിലെത്തി. വൈദ്യുതി ഉപഭോഗം 10 ശതമാനം തോതില്‍ വര്‍ധിച്ചു. ആറു മാസത്തിനിടെ 160.5 ടെറാവാട്ട് വൈദ്യുതിയാണ് രാജ്യത്ത് ഉപഭോഗിച്ചത്. ഇക്കഴിഞ്ഞ ഹജ് സീസണില്‍ മക്ക, മദീന, പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ലോഡുകള്‍ തടസ്സങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞു.
ജൂണ്‍ അവസാനത്തോടെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ള പുനരുപയോഗ ഊര്‍ജ ശേഷി 9.2 ജിഗാവാട്ട് കവിഞ്ഞു. ബീശ, ജിസാന്‍, ഖമീസ് മുശൈത്ത്, നജ്റാന്‍ എന്നിവിടങ്ങളിലെ നാല് സംഭരണ കേന്ദ്രങ്ങളിലായി മൊത്തം എട്ട് ജിഗാവാട്ട് ശേഷിയുള്ള വൈദ്യുതി സംഭരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്തു.
ഉയര്‍ന്ന പ്രവര്‍ത്തന, പരിപാലന ചെലവുകള്‍, മറ്റ് വരുമാനങ്ങളിലെ കുറവ് എന്നിവക്കിടെയും വൈദ്യുതി ഗ്രിഡിന്റെ നിയന്ത്രിത ആസ്തി അടിത്തറയുടെ വളര്‍ച്ചയുടെയും വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനായി വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തിയതിന്റെ ഫലമായി വരുമാനം വര്‍ധിച്ചതിന്റെയും ഫലമായുണ്ടായ ഉയര്‍ന്ന വരുമാനമാണ് ആദ്യ പകുതിയിലെ മികച്ച സാമ്പത്തിക പ്രകടനത്തിന് കാരണമെന്ന് കമ്പനി പറഞ്ഞു.
തങ്ങളുടെ ആസ്തികളുടെ വളര്‍ച്ച, ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും പ്രവര്‍ത്തന മികവ് സംരംഭങ്ങളിലും നിക്ഷേപങ്ങള്‍ തുടരുന്നതും പ്രസരണ, വിതരണ ശൃംഖലകളുടെ വികാസവും പുനരുപയോഗ ഊര്‍ജ പദ്ധതികളെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുന്നതും ഊര്‍ജ സംഭരണ പദ്ധതികളുടെ നടത്തിപ്പും പ്രതിഫലിപ്പിക്കുന്നു.
വിശ്വസനീയവും സുരക്ഷിതവുമായ ഊര്‍ജം നല്‍കാനും സേവന നിലവാരം മെച്ചപ്പെടുത്താനും സുസ്ഥിരതയെ പിന്തുണക്കാനുമുള്ള തന്ത്രത്തിന് അനുസൃതമായി, കമ്പനിയുടെ ബിസിനസ് പോര്‍ട്ട്ഫോളിയോയിലും ആസ്തി അടിത്തറയിലും തുടര്‍ച്ചയായതും ശക്തവുമായ വളര്‍ച്ചയാണ് പോസിറ്റീവ് ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ഖാലിദ് അല്‍ഗാംദി വ്യക്തമാക്കി.
സൗദി ഇലക്ട്രിസിറ്റി കമ്പനി നിലവില്‍ പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട് 14 ജിഗാവാട്ട് സംഭരണ ശേഷി വികസിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് അടുത്ത വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുകയും ഗ്രിഡുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഗ്രിഡിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുകയും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ സംയോജനം മെച്ചപ്പെടുത്തുകയും ചെയ്യും.
ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി സേവനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ കമ്പനി തുടര്‍ന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏകദേശം 1,10,000 പുതിയ കണക്ഷനുകള്‍ നല്‍കി. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 1.14 കോടിയായി. വൈദ്യുതി വിതരണ ശൃംഖലയുടെ ആകെ നീളം 8,27,000 കിലോമീറ്ററില്‍ കൂടുതല്‍ എത്തി. ആറു മാസത്തിനിടെ വൈദ്യുതി വിതരണ ശൃംഖലയുടെ ആകെ നീളം ആറു ശതമാനം തോതില്‍ വര്‍ധിച്ചു.
ട്രാന്‍സ്മിഷന്‍, ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കുകളുടെ ആകെ നീളം യഥാക്രമം ആറു ശതമാനവും ഒമ്പതു ശതമാനവും തോതില്‍ വര്‍ധിച്ചു. ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്കുകള്‍ക്ക് 1,03,800 കിലോമീറ്ററും ഫൈബര്‍ ഒപ്റ്റിക്സിന് 1,01,000 കിലോമീറ്ററും നീളമുണ്ട്. വിതരണ സ്റ്റേഷനുകളുടെ ഓട്ടോമേഷന്‍ നിരക്ക് 38.4 ശതമാനവും ഉപഭോക്തൃ സംതൃപ്തി 85.8 ശതമാനവും ആയി.
സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവേഴ്സ് ഗ്ലോബല്‍ പുറപ്പെടുവിച്ച 2025 ലെ പരിസ്ഥിതി, സാമൂഹിക, കോര്‍പ്പറേറ്റ് ഗവേണന്‍സ് റേറ്റിംഗില്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ഗുണപരമായ കുതിപ്പ് കൈവരിച്ച് 100 ല്‍ 65 പോയിന്റുകള്‍ നേടി. 2024 നെ അപേക്ഷിച്ച് ഈ വര്‍ഷം റേറ്റിംഗില്‍ 30 ശതമാനവും 2023 റേറ്റിംഗിനെ അപേക്ഷിച്ച് 85 ശതമാനവും വര്‍ധനവാണിത്. ഈ നേട്ടം മിഡില്‍ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഊര്‍ജ മേഖലയില്‍ ഒന്നാം സ്ഥാനം നേടാനും യൂട്ടിലിറ്റി മേഖലക്കുള്ള ആഗോള ശരാശരി റേറ്റിംഗ് മറികടക്കാനും കമ്പനിയെ പ്രാപ്തമാക്കി. ഇത് ഈ മേഖലയിലെ മുന്‍നിര ആഗോള കമ്പനിയെന്ന നിലയില്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തി.