റിയാദ്: അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, തന്റെ രണ്ടാം ടേമിലെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് രാവിലെ റിയാദിലെത്തി. സൗദി വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനം പ്രവേശിച്ചയുടന്‍ സൗദി വ്യോമസേനയുടെ എഫ്-15 യുദ്ധവിമാനങ്ങള്‍ ട്രംപിന്റെ വിമാനത്തിന് അകമ്പടി സേവിച്ചു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഊഷ്മളമായി സ്വീകരിച്ചു.

റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ യു.എ.ഇയും ഖത്തറും ഉള്‍പ്പെടുന്ന പര്യടനത്തെ ചരിത്രപരമായ സന്ദര്‍ശനം എന്ന് യു.എസ് പ്രസിഡന്റ് വിശേഷിപ്പിച്ചു. സൗദി അറേബ്യയുടെ ഉയര്‍ന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക നില, പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതില്‍ രാജ്യം വഹിക്കുന്ന നിര്‍ണായക പങ്ക്, പരിഷ്‌കരണ നീക്കങ്ങള്‍ ത്വരിതപ്പെടുത്തല്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ തന്റെ സൗദി സന്ദര്‍ശനം ഒരു ചരിത്ര സംഭവമാണെന്ന് വാഷിംഗ്ടണില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകള്‍, ബിസിനസ് നേതാക്കളുമായും നിക്ഷേപകരുമായും ഉള്ള കൂടിക്കാഴ്ചകള്‍, വിവിധ സാമ്പത്തിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള അവസരങ്ങള്‍ അഭിസംബോധന ചെയ്യുന്ന സൗദി-യു.എസ് നിക്ഷേപ ഫോറത്തിലെ പങ്കാളിത്തം എന്നിവ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നതായി വൈറ്റ് ഹൗസ് വിശദീകരിച്ചു. പരമ്പരാഗത പാശ്ചാത്യ സഖ്യകക്ഷികളെ മറികടന്ന് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ട്രംപിന്റെ തീരുമാനം ഗള്‍ഫ് രാജ്യങ്ങളുടെ നിര്‍ണായകമായ ഭൗമരാഷ്ട്രീയ പങ്കിനും അവിടുത്തെ അദ്ദേഹത്തിന്റെ സ്വന്തം ബിസിനസ്സ് ബന്ധങ്ങള്‍ക്കും അടിവരയിടുന്നു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര സൗദി മന്ത്രിസഭാ യോഗം അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ നിറവേറ്റാനും പൊതുവായ കാഴ്ചപ്പാട് സാക്ഷാല്‍ക്കരിക്കാനും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാനും സന്ദര്‍ശനം സഹായകമാകുമെന്ന് സൗദി മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.