മദീന – കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മദീനയിലെ ഖുബാ മസ്ജിദ് സന്ദര്‍ശിച്ചു. പള്ളിയില്‍ പ്രവേശിച്ചയുടന്‍ കിരീടാവകാശി രണ്ടു രണ്ട് റക്അത്ത് നമസ്‌കരിച്ചു. മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ രാജകുമാരന്‍, മദീന ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് രാജകുമാരന്‍, മന്ത്രിമാര്‍ എന്നിവര്‍ കിരീടാവകാശിയെ അനുഗമിച്ചു.
ഇസ്‌ലാമില്‍ സ്ഥാപിതമായ ആദ്യത്തെ പള്ളിയാണ് ഖുബാ മസ്ജിദ്. പ്രവാചക ജീവിതത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്ന ഖുബാ മസ്ജിദ്, മദീന നിവാസികളും സൗദിയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരും സന്ദര്‍ശകരും സന്ദര്‍ശിക്കുന്നു. മുഹമ്മദ് നബി (സ) യുടെ കാലം മുതല്‍ സൗദി കാലഘട്ടം വരെയുള്ള കാലത്ത് ഖുബാ മസ്ജിദിന് പ്രത്യേക ശ്രദ്ധയും പരിചരണവും ലഭിച്ചിട്ടുണ്ട്. ഈ ശ്രമങ്ങള്‍ മസ്ജിദിന്റെ വാസ്തുവിദ്യാ ശൈലി സംരക്ഷിക്കാന്‍ സഹായിച്ചു.
2022 ഏപ്രില്‍ 8 ന്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഖുബാ പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയും അതിന്റെ പരിസര പ്രദേശത്തിന്റെ വികസനവും പ്രഖ്യാപിച്ചു. വികസന പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നാമകരണം ചെയ്യാനും കിരീടാവകാശി നിര്‍ദേശിച്ചു. വികസന പദ്ധതിയിലൂടെ ഖുബാ മസ്ജിദിന്റെ മൊത്തം വിസ്തീര്‍ണ്ണം 5,035 ചതുരശ്ര മീറ്ററില്‍ നിന്ന് 72,000 ചതുരശ്ര മീറ്ററായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. ഇത് നിലവിലെ വലുപ്പത്തിന്റെ പത്തിരട്ടിയിലധികം വരും. വികസന പദ്ധതിയിലൂടെ ഖുബാ മസ്ജിദില്‍ ഒരേസമയം 66,000 പേര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയും.
ഹിജ്റ ഒന്നാം വര്‍ഷത്തില്‍ സ്ഥാപിതമായതിനു ശേഷം ഖുബാ പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണമാണിത്. തീര്‍ഥാടകരെ സേവിക്കാനും ജീവിത നിലവാരം ഉയര്‍ത്താനുമുള്ള പ്രോഗ്രാമുകള്‍ക്കുള്ളില്‍ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ വികസന പദ്ധതി നിറവേറ്റുന്നു. നിരവധി കിണറുകള്‍, കൃഷിയിടങ്ങള്‍, ഈത്തപ്പനത്തോട്ടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതും മൂന്ന് പ്രവാചക പാതകളെ ബന്ധിപ്പിക്കുന്നതുമായ 57 സ്ഥലങ്ങള്‍ അടങ്ങിയ ചരിത്ര സ്ഥലങ്ങളുടെ വികസനവും പുനരുദ്ധാരണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.



