ജിദ്ദ – സൗദി അറേബ്യയിൽ നിയമലംഘകർക്കായി സുരക്ഷാ വകുപ്പുകൾ നടത്തുന്ന പരിശോധന ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 18,000-ത്തിലധികം പേരാണ് വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായത്. ഇഖാമ നിയമം ലംഘിച്ചവർ, തൊഴിൽ നിയമങ്ങൾ പാലിക്കാത്തവർ, അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും എത്യോപ്യ, യെമൻ സ്വദേശികളാണ്. നുഴഞ്ഞുകയറ്റക്കാർക്ക് താമസസൗകര്യമോ ജോലിയോ നൽകിയ പത്തൊൻപത് പേരും പിടിയിലായിട്ടുണ്ട്. നിലവിൽ മുപ്പതിനായിരത്തോളം പേർ നാടുകടത്തൽ കേന്ദ്രങ്ങളിൽ നടപടികൾ നേരിടുകയാണ്. മതിയായ രേഖകളില്ലാത്തവർക്കായി എംബസികൾ വഴി താൽക്കാലിക യാത്രാരേഖകൾ ഒരുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ പതിനായിരത്തിലധികം പേരെയാണ് സൗദിയിൽ നിന്നും നാടുകടത്തിയത്.
രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങൾ ടോൾ ഫ്രീ നമ്പറുകൾ വഴി അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.



