അറാര്‍ – മനുഷ്യത്വത്തിന്റെയും വിശ്വസ്തതയുടെയും ബന്ധങ്ങള്‍ പ്രതിഫലിപ്പിച്ച് സൗദി പൗരനായ ബദർ സൗദ് അല്‍റഫ്ദി പത്തു വര്‍ഷമായി തനിക്കു കീഴില്‍ ജോലി ചെയ്യുന്ന സുഡാനി തൊഴിലാളി അല്‍മുദസിര്‍ ബിന്‍ അലിയുടെ വിവാഹ ആഘോഷം കെങ്കേമമായി റഫ്ഹയില്‍ നടത്തി. വിവാഹത്തിന്റെ എല്ലാ ക്രമീകരണങ്ങളും സൗദി പൗരന്‍ നേരിട്ടാണ് നടത്തിയത്. വധൂവരന്മാരുടെ കുടുംബങ്ങളും സുഹൃത്തുക്കളും പരിചയക്കാരും ചടങ്ങില്‍ പങ്കെടുത്തു.
തന്റെ മുതലാളി സ്വന്തം ചെലവില്‍ വിവാഹാഘോഷം നടത്തിയതില്‍ വരനായ അല്‍മുദസിര്‍ ബിന്‍ അലി സന്തോഷം പ്രകടിപ്പിച്ചു. പത്ത് വര്‍ഷത്തെ ജോലിക്കിടയില്‍ മുതലാളിയുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് താന്‍ , എന്നെ സ്വന്തം മകനെപ്പോലെയാണ് പരിഗണിക്കുന്നത്. വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം അവര്‍ നടത്തി. അവരുടെ ഭാര്യ എന്റെ ഭാര്യയോടൊപ്പം വിവാഹവസ്ത്രങ്ങളും മറ്റു വസ്തുക്കളും വാങ്ങാന്‍ പോയി. എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സമീപനമായിരുന്നു ഇതെന്നും അല്‍മുദസിര്‍ ബിന്‍ അലി പറഞ്ഞു.
സന്തോഷവും സാഹോദര്യ ബന്ധവും നിറഞ്ഞ വിവാഹ ആഘോഷത്തില്‍ സൗദി സുഹൃത്തുക്കളും സുഡാനീസ് സമൂഹത്തിലെ അംഗങ്ങളും പങ്കെടുത്തു. ഈ വിവാഹാഘോഷത്തില്‍ ഞാന്‍ അനുഭവിച്ച സന്തോഷം എന്റെ സ്വന്തം രാജ്യത്ത് പോലും ഇതുവരെ അനുഭവിച്ചിട്ടില്ലെന്നും അല്‍മുദസിര്‍ ബിന്‍ അലി പറഞ്ഞു.



