റിയാദ്: റിയാദ് പ്രവിശ്യയിലെ തർമദ-അൽ-ഖസബ് റോഡിൽ വാഹനാപകടത്തെ തുടർന്ന് തീ ആളിപ്പടർന്ന കാറിൽ കുടുങ്ങിയ യുവാവിനെ സൗദി പൗരൻ അബ്ദുറഹ്മാൻ ഇബ്രാഹിം അൽ-ഫസൽ ജീവൻ പണയം വെച്ച് സാഹസികമായി രക്ഷിച്ചു. മൂന്ന് കാറുകൾ കൂട്ടിയിടിച്ച അപകടത്തിൽ ഒരു കാറിന് തീപിടിക്കുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർ മുഹമ്മദ് അൽ-ഗുദൈറിന് വേഗത്തിൽ കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും, തുടയെല്ല് പൊട്ടിയതിനാൽ ചലിക്കാൻ കഴിയാതെ അവന്റെ സുഹൃത്ത് യൂസുഫ് അൽ-മുസ്അദ് കാറിന്റെ മുൻവശത്തെ സീറ്റിൽ കുടുങ്ങി. യൂസുഫിനെ രക്ഷിക്കാൻ മുഹമ്മദ് ഉറക്കെ സഹായത്തിന് വിളിച്ചു.
ഈ സമയം, തീ ആളിപ്പടരുന്ന കാർ കണ്ട് സ്വന്തം വാഹനം നിർത്തി ഓടിയെത്തിയ അബ്ദുറഹ്മാൻ ഇബ്രാഹിം അൽ-ഫസൽ, ജീവന് വില കല്പിക്കാതെ കാറിന്റെ പിൻവശത്തെ ഡോർ വലിച്ചുതുറന്ന് സീറ്റ് നീക്കി യൂസുഫിനെ പുറത്തേക്ക് എടുത്ത് ഓടി. മുൻവശത്തെ ഡോർ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പിൻഡോർ ഉപയോഗിച്ച് അവൻ രക്ഷാപ്രവർത്തനം നടത്തിയത്.
“സിനിമയിലെ രംഗം പോലെ തോന്നിയ രക്ഷാപ്രവർത്തനമാണ് ഞങ്ങൾ കണ്ടത്,” ദൃക്സാക്ഷികൾ പറഞ്ഞു. “യുവാവിനെ എന്തുവില കൊടുത്തും രക്ഷിക്കണം, അല്ലെങ്കിൽ ഒരുമിച്ച് മരിക്കണം എന്ന ചിന്തയോടെയാണ് തീപിടിച്ച കാറിലേക്ക് ഓടിയെത്തിയത്,” അബ്ദുറഹ്മാൻ ഇബ്രാഹിം അൽ-ഫസൽ പറഞ്ഞു.
അൽ-ഖസബ് മർകസ് മേധാവി സഅദ് ബിൻ ഇബ്രാഹിം അൽ-ഖാസിം, അബ്ദുറഹ്മാന്റെ വീരോചിത പ്രവൃത്തിയെ പ്രശംസിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. “പ്രതിസന്ധി ഘട്ടങ്ങളിൽ സഹായഹസ്തം നീട്ടുന്ന സൗദി യുവാക്കളുടെ ധൈര്യവും ആത്മാർത്ഥതയുമാണ് അബ്ദുറഹ്മാൻ പ്രകടിപ്പിച്ചത്,” അൽ-ഖാസിം പറഞ്ഞു.