ദമാം – ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരായ സ്വദേശിയെയും ഈജിപ്ഷ്യൻ പൗരനെയും ദമാം ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിദേശ നിക്ഷേപ ലൈസൻസ് നേടാതെ ദമാമിൽ കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയ അലി അബ്ദുശാഫി മുഹമ്മദ് ഇസ്‌കന്ദർ, ഇതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്ത സൗദി പൗരൻ അൽഅജ്‌റഫി മുനവർ അവദ് അൽറശീദി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും പതിനായിരം റിയാൽ തോതിൽ പിഴ ചുമത്തി.
ഈജിപ്ഷ്യൻ പൗരനെ സൗദിയിൽ നിന്ന് നാടുകടത്താനും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന്റെ ലൈസൻസും കൊമേഴ്സ്യൽ രജിസ്ട്രേഷനും റദ്ദാക്കാനും സ്ഥാപനം അടച്ചുപൂട്ടാനും നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകരിൽ നിന്ന് ഈടാക്കാനും വിധിയുണ്ട്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സൗദി പൗരന് ഒരു വർഷത്തേക്ക് വിലക്കുമുണ്ട്. സൗദി പൗരന്റെയും ഈജിപ്തുകാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും ഇരുവരുടെയും ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
സ്ഥാപനം ഈജിപ്തുകാരൻ സ്വന്തം നിലക്കാണ് നടത്തുന്നതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആശാരി പ്രൊഫഷനിലുള്ള ഇഖാമയിൽ രാജ്യത്ത് കഴിയുന്ന ഈജിപ്തുകാരൻ തന്റെ പ്രൊഫഷന് നിരക്കാത്ത നിലക്ക് വൻതുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. കോൺട്രാക്ടിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സ്വന്തം ബാങ്ക് അക്കൗണ്ട് വഴി നടത്തിയിരുന്ന ഈജിപ്തുകാരൻ തന്നെയാണ് ജീവനക്കാർക്ക് വേതനം വിതരണം ചെയ്തിരുന്നതും രേഖകളിൽ ഒപ്പുവെച്ചിരുന്നതെന്നും കണ്ടെത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം ഇരുവർക്കുമെതിരായ കേസ് നിയമ നടപടികൾക്ക് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സൗദിയിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. പ്രതികൾ നിയമവിരുദ്ധമായി സമ്പാദിക്കുന്ന സമ്പത്ത് കണ്ടുകെട്ടുകയും ചെയ്യും.



