ജിദ്ദ – സൗദി സെന്‍ട്രല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് തോതില്‍ കുറച്ചു. റിപ്പോ നിരക്ക് 4.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 4.25 ശതമാനവുമായാണ് കുറച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് തോതില്‍ കുറച്ചതിനെ പിന്തുടര്‍ന്നാണ് സൗദി സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്കുകള്‍ കുറച്ചത്.
സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചതിനാല്‍ പണനയങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പിന്തുടരുന്ന രീതിയാണ് സൗദി സെന്‍ട്രല്‍ ബാങ്ക് പാലിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ കുറക്കുന്നത്. പണപ്പെരുപ്പം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ആവര്‍ത്തിച്ച് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ മൂന്നു തവണ കുറച്ചിരുന്നു.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്കും വായാപാ നിരക്കുകള്‍ കുറച്ചു. റിപ്പോ നിരക്ക് 25 പോയിന്റ് തോതില്‍ കുറച്ച് 4.35 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് തോതില്‍ കുറച്ച് 4.60 ശതമാനമായുമാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കുറച്ചിരിക്കുന്നത്. ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കും കുവൈത്ത് കുവൈത്ത് സെന്‍ട്രല്‍ ബാങ്കും യു.എ.ഇ സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് നിരക്കില്‍ കുറച്ചിട്ടുണ്ട്.