ജിദ്ദ – സൗദി സെൻട്രൽ ബാങ്ക് വായ്പാ നിരക്കുകൾ 25 ബേസിസ് പോയിന്റ് തോതിൽ കുറച്ചു. റിപ്പോ നിരക്ക് 4.50 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനവുമായാണ് കുറച്ചിരിക്കുന്നത്. ആഗോള തലത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പണസ്ഥിരത കാത്തുസൂക്ഷിക്കാനുള്ള ലക്ഷ്യത്തിന് അനുസൃതമായാണ് വായ്പാ നിരക്കുകൾ കുറച്ചതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകൾ 25 ബേസിസ് പോയിന്റ് തോതിൽ കുറച്ചതിനെ പിന്തുടർന്നാണ് സൗദി സെൻട്രൽ ബാങ്കും വായ്പാ നിരക്കുകൾ കുറച്ചത്. സൗദി റിയാലിനെയും അമേരിക്കൻ ഡോളറിനെയും സ്ഥിരവിനിമയ നിരക്കിൽ ബന്ധിപ്പിച്ചതിനാൽ പണനയങ്ങളിൽ അമേരിക്കൻ ഫെഡറൽ റിസർവിനെ പിന്തുടരുന്ന രീതിയാണ് സൗദി സെൻട്രൽ ബാങ്ക് പാലിക്കുന്നത്.
ഈ വർഷം ഇത് രണ്ടാം തവണയാണ് അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകൾ കുറക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാനായി കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കൻ ഫെഡറൽ റിസർവ് ആവർത്തിച്ച് പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. എന്നാൽ ഫെഡറൽ റിസർവ് വായ്പാ നിരക്കുകൾ മൂന്നു തവണ കുറച്ചിരുന്നു. ഖത്തർ സെൻട്രൽ ബാങ്കും ബഹ്റൈൻ സെൻട്രൽ ബാങ്കും യു.എ.ഇ സെൻട്രൽ ബാങ്കും വായ്പാ നിരക്കുകൾ 25 ബേസിസ് പോയിന്റ് നിരക്കിൽ കുറച്ചിട്ടുണ്ട്.



