തബൂക്ക് – വീണുകിട്ടിയ സഞ്ചിയിലെ വന്‍തുക അധികൃതരെ ഏല്‍പിച്ച് മാതൃകയായി സൗദി സഹോദരങ്ങള്‍. തുണിസഞ്ചിയില്‍ സൂക്ഷിച്ച വന്‍തുക മരുഭൂമിയില്‍ നിന്ന് സൗദി സഹോദരങ്ങള്‍ക്ക് വീണുകിട്ടുകയായിരുന്നു. ഉടന്‍ തന്നെ പണം വീണുകിട്ടിയ വിവരം ഇരുവരും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു. ഉടമയെ കണ്ടെത്താനായി സഹോദരങ്ങള്‍ ഏറെ പരിശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പണമടങ്ങിയ സഞ്ചി ഇവർ ഔദ്യോഗിക വകുപ്പുകള്‍ക്ക് കൈമാറി.
തബൂക്ക് പ്രവിശ്യയില്‍ പെട്ട തൈമായിലെ മരുഭൂറോഡില്‍ വെച്ചാണ് സഹോദരങ്ങളായ മുഹമ്മദ് ബശീര്‍ അല്‍ഖദ്‌രി അല്‍അതവിക്കും സ്വയാഹ് ബശീര്‍ അല്‍ഖദ്‌രി അല്‍അതവിക്കും ഭീമമായ പണം സൂക്ഷിച്ച തുണിസഞ്ചി വീണുകിട്ടിയത്. മരുഭൂമിയില്‍ വളര്‍ത്തുന്ന ഒട്ടകക്കൂട്ടങ്ങള്‍ക്ക് ആവശ്യമായ തീറ്റയും മറ്റും എത്തിച്ച് മരുഭൂറോഡിലൂടെ മടങ്ങുന്നതിനിടെയാണ് നിലത്ത് തുണിസഞ്ചി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് സഹോദരങ്ങള്‍ പറഞ്ഞു. വാഹനം നിര്‍ത്തി പരിശോധിച്ചപ്പോള്‍ വന്‍ തുകയും ചില മരുന്നുകളും സഞ്ചിക്കകത്ത് കണ്ടു. സഹോദരങ്ങളുടെ സത്യസന്ധമായ പ്രവൃത്തിക്ക് നിരവധിപേർ പ്രശംസ ആറിയിച്ചു.



