ജിദ്ദ – സൗദിയില്‍ മൂന്നു മാസത്തിനിടെ 244 ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തി. വാണിജ്യ മന്ത്രാലയവും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഉള്‍പ്പെട്ട ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം സംഘങ്ങള്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ പരിശോധനയിലാണ് ബിനാമിയാണെന്ന് സംശയിക്കപ്പെടുന്ന ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. വാണിജ്യ സ്ഥാപനങ്ങള്‍ നിയമ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമ വിരുദ്ധ സ്ഥാപനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ട് നടത്തിയ പരിശോധനയാണ് ഇത്.
മൂന്നു മാസത്തിനിടെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 5,693 സ്ഥാപനങ്ങളും 1,064 കമ്പനികളും അടക്കം 6,757 സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധനകള്‍ നടത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കല്‍, ഇന്‍വോയ്സിംഗ് സംവിധാനത്തിന്റെ അഭാവം, ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍ എന്നിവ അടക്കം വിപണി നിയമങ്ങള്‍ ലംഘിച്ച 26 സ്ഥാപനങ്ങളും പരിശോധനകള്‍ക്കിടെ കണ്ടെത്തി.
കാപ്പി, സുഗന്ധദ്രവ്യങ്ങള്‍, മസാലകള്‍ എന്നിവയുടെ ചില്ലറ വില്‍പ്പന, ഇന്റീരിയര്‍ ഡെക്കറേഷന്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും ചില്ലറ വില്‍പ്പന, ഓട്ടോ പാര്‍ട്സ്-ആക്സസറീസ് മൊത്തവ്യാപാര, ചില്ലറ വില്‍പ്പന, ആഡംബര വസ്തുക്കളുടെയും വസ്ത്രങ്ങളുടെയും ചില്ലറ വില്‍പ്പന, വീട്ടുപകരണങ്ങളുടെ ചില്ലറ വില്‍പ്പന എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്തിയത്. കണ്ടെത്തിയ ബിനാമി സ്ഥാപനങ്ങള്‍ക്ക് 11,14,000 റിയാല്‍ പിഴ ചുമത്തി. ബിനാമിയാണെന്ന് സംശയിക്കപ്പെടുന്ന 1,890 സ്ഥാപനങ്ങളെ കുറിച്ച് മൂന്നാം പാദത്തില്‍ പൊതുസമൂഹത്തില്‍ നിന്ന് അടക്കം പരാതികള്‍ ലഭിച്ചു. ഇക്കൂട്ടത്തില്‍ ശരിയാണെന്ന് തെളിഞ്ഞ 191 പരാതികള്‍ ബിനാമി ബിസിനസ് വിരുദ്ധ നിയമ ലംഘനങ്ങള്‍ പരിശോധിച്ച് ശിക്ഷകള്‍ പ്രഖ്യാപിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറി. പത്ത് കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനും കൈമാറി. മൂന്നാം പാദത്തില്‍ 50 ലക്ഷത്തിലേറെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തുന്നത് വാണിജ്യ മന്ത്രാലയം വിജയകരമായി തടഞ്ഞു. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.
സംയുക്ത സുരക്ഷാ റെയ്ഡുകളുമായി സഹകരിച്ച്, നിര്‍മ്മാണ സാമഗ്രികള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, ഓട്ടോ പാര്‍ട്സ്, ആരോഗ്യം, കോസ്‌മെറ്റിക്‌സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, സൈനിക യൂണിഫോമുകള്‍, മസാജ് സെന്ററുകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 1,274 സ്ഥാപനങ്ങളിലും മൂന്നു മാസത്തിനിടെ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി. പരിശോധനയിൽ 40 ലക്ഷത്തിലേറെ വ്യാജ പുകയില ഉല്‍പ്പന്നങ്ങളും പുകയില നിര്‍മ്മാണം, പാക്കേജിംഗ് എന്നിവക്ക് ഉപയോഗിക്കുന്ന 13 മെഷീനുകളും എണ്ണകള്‍, സുഗന്ധദ്രവ്യങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. പരിശോധനകള്‍ക്കിടെ പിടിയിലായ വിദേശ തൊഴിലാളികളെ നിയമപരമായ ശിക്ഷാ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.



