ജിദ്ദ – സൗദി ബാങ്കുകള്‍ മൂന്നാം പാദത്തിലും റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തി. സൗദി ഓഹരി വിപണിയില്‍ ഉൾപ്പെട്ടിട്ടുള്ള പത്ത് സൗദി ബാങ്കുകളാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ ബാങ്കുകള്‍ 2,362 കോടി റിയാല്‍ (ശരാശരി പ്രതിദിന ലാഭം 26.2 കോടി റിയാല്‍) ലാഭം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം ബാങ്കുകളുടെ ലാഭം 15.09 ശതമാനം തോതില്‍ വര്‍ധിച്ചു.
അല്‍അഹ്‌ലി ബാങ്കാണ് മൂന്നാം പാദത്തില്‍ ഏറ്റവുമധികം ലാഭം നേടിയത്. 647 കോടി റിയാല്‍ ലാഭം ബാങ്ക് കൈവരിച്ചു. ഇത് എല്ലാ ബാങ്കുകളുടെയും മൊത്തം ലാഭത്തിന്റെ ഏകദേശം 27.39 ശതമാനമാണ്. അല്‍അഹ്‌ലി ബാങ്കിന്റെ പ്രതിദിനം ലാഭം 7.188 കോടി റിയാലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.55 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
രണ്ടാം സ്ഥാനത്തുള്ള അല്‍റാജ്ഹി ബാങ്കിന് 636 കോടി റിയാലിന്റെ ലാഭം രേഖപ്പെടുത്തി. ഇത് സൗദി ബാങ്കുകളുടെ ആകെ ലാഭത്തിന്റെ 26.93 ശതമാനമാണ്. ഇവരുടെ ശരാശരി പ്രതിദിന ലാഭം 7.067 കോടി റിയാലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വർഷം 24.62 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചത് അല്‍റാജ്ഹി ബാങ്കാണ്.
269 കോടി റിയാല്‍ ലാഭം നേടി അല്‍റിയാദ് ബാങ്ക് മൂന്നാം സ്ഥാനത്തെത്തി. ബാങ്ക് ലാഭത്തിന്റെ 11.38 ശതമാനമാണ് അല്‍റിയാദ് ബാങ്കിന്റെ വിഹിതം. റിയാദ് ബാങ്കിന്റെ ശരാശരി പ്രതിദിന ലാഭം ഏകദേശം 2.986 കോടി റിയാലാണ്. നാലാം സ്ഥാനത്തുള്ള അല്‍അവ്വല്‍ ബാങ്ക് 214 കോടി റിയാല്‍ ലാഭം കൈവരിച്ചു. മൂന്നാം പാദത്തില്‍ സൗദി ബാങ്കുകള്‍ കൈവരിച്ച ആകെ ലാഭത്തിന്റെ 9.08 ശതമാനം അല്‍അവ്വല്‍ ബാങ്കിന്റെ വിഹിതമാണ്. ബാങ്കിന്റെ ശരാശരി പ്രതിദിന ലാഭം 2.382 കോടി റിയാലാണ്.
ലാഭവിഹിതത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ അല്‍ഇന്‍മാ, ഫ്രാന്‍സി (ബി.എസ്.എഫ്), അറബ് ബാങ്ക് (എ.എന്‍.ബി), അല്‍ബിലാദ്, അല്‍ഇസ്തിസ്മാര്‍, അല്‍ജസീറ ബാങ്കുകളാണ്. ഈ ആറ് ബാങ്കുകളുടെ ആകെ ലാഭം 596 കോടി റിയാലാണ്. ഇത് മൊത്തം ബാങ്ക് ലാഭത്തിന്റെ 25.23 ശതമാനമാണ്. ഇവരുടെയെല്ലാം പ്രതിദിന ലാഭം 6.621 കോടി റിയാലാണ്.



