ജിദ്ദ– സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത പത്ത് സൗദി ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ തോതില്‍ ലാഭം നേടിയതായി കണക്ക്. 2025 ല്‍ സൗദി ബാങ്കുകള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം പത്തു ബാങ്കുകള്‍ ആകെ 9,252 കോടി റിയാല്‍ ലാഭം കൈവരിച്ചു. ബാങ്കുകളുടെ ശരാശരി പ്രതിദിന ലാഭം 25.348 കോടി റിയാലാണ്. മണിക്കൂറില്‍ ശരാശരി 1.056 കോടി റിയാല്‍ തോതില്‍ ബാങ്കുകള്‍ ലാഭം നേടുന്നത്. 2024 നെ അപേക്ഷിച്ച് 2025 ല്‍ സൗദി ബാങ്കുകളുടെ ലാഭത്തില്‍ 16.17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ലാഭത്തിന്റെ കാര്യത്തില്‍ അല്‍അഹ്‌ലി ബാങ്ക് ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം അല്‍അഹ്‌ലി ബാങ്ക് 2,501 കോടി റിയാല്‍ ലാഭം കൈവരിച്ചു. ബാങ്കുകളുടെ മൊത്തം ലാഭത്തിന്റെ 27.03 ശതമാനം അല്‍അഹ്‌ലി ബാങ്ക് വിഹിതമാണ്. ലാഭം 18.02 ശതമാനം തോതില്‍ വര്‍ധിച്ചു. പ്രതിദിനം ശരാശരി 6.853 കോടി റിയാല്‍ തോതിലാണ് അല്‍അഹ്‌ലി ബാങ്കിന്റെ ലാഭം കൈവരിച്ചത്. രണ്ടാം സ്ഥാനത്ത് അല്‍റാജ്ഹി ബാങ്കാണ്. 2025 ല്‍ അല്‍റാജ്ഹി ബാങ്ക് ലാഭം 2,479 കോടി റിയാലിലെത്തി. സൗദി ബാങ്കുകള്‍ ആകെ കൈവരിച്ച ലാഭത്തിന്റെ 26.8 ശതമാനം അല്‍റാജ്ഹി ബാങ്ക് വിഹിതമാണ്. അല്‍റാജ്ഹി ബാങ്കിന്റെ പ്രതിദിന ലാഭം 6.792 കോടി റിയാലായിരുന്നു. ബാങ്കിന്റെ ലാഭം 25.71 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലാഭത്തില്‍ ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചത് ഇവരാണ്. അല്‍അഹ്‌ലി ബാങ്കും അല്‍റാജ്ഹി ബാങ്കും ചേര്‍ന്ന് സൗദി ബാങ്കുകളുടെ മൊത്തം ലാഭത്തിന്റെ പകുതിയിലധികവും (53.83 ശതമാനം) സ്വന്തമാക്കിയത്.
ലാഭത്തില്‍ മൂന്നാം സ്ഥാനത്ത് റിയാദ് ബാങ്ക് ആണ്. കഴിഞ്ഞ വര്‍ഷം ബാങ്ക് 1,041 കോടി റിയാല്‍ ലാഭം കൈവരിച്ചു. സൗദി ബാങ്കുകള്‍ നേടിയ ആകെ ലാഭത്തിന്റെ 11.25 ശതമാനം റിയാദ് ബാങ്ക് വിഹിതമാണ്. റിയാദ് ബാങ്കിന്റെ ശരാശരി പ്രതിദിന ലാഭം ഏകദേശം 2.852 കോടി റിയാലാണ്. കഴിഞ്ഞ വര്‍ഷം ബാങ്കിന്റെ ലാഭത്തില്‍ 11.68 വളര്‍ച്ച രേഖപ്പെടുത്തി. നാലാം സ്ഥാനത്ത് അല്‍അവ്വല്‍ ബാങ്ക് ആണ്. അല്‍അവ്വല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം 845 കോടി റിയാല്‍ ലാഭം നേടി. 2025 ല്‍ സൗദി ബാങ്കുകള്‍ ആകെ കൈവരിച്ച ലാഭത്തിന്റെ 9.14 ശതമാനം അല്‍അവ്വല്‍ ബാങ്ക് വിഹിതമാണ്. ബാങ്കിന്റെ ശരാശരി പ്രതിദിന ലാഭം 2.316 കോടി റിയാലാണ്.
ലാഭത്തിന്റെ കാര്യത്തില്‍ യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ അല്‍ഇന്‍മാ ബാങ്ക്, അറബ് നാഷണല്‍ ബാങ്ക്, സൗദി ഫ്രാന്‍സി ബാങ്ക്, അല്‍ബിലാദ് ബാങ്ക്, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, അല്‍ജസീറ ബാങ്ക് എന്നിവയാണ്. ഈ ആറു ബാങ്കുകള്‍ ആകെ 2,385 കോടി റിയാല്‍ ലാഭം നേടി. ഇത് മുഴുവന്‍ ബാങ്കുകളുടെയും ആകെ ലാഭത്തിന്റെ 25.78 ശതമാനമാണ്. ഈ ബാങ്കുകളുടെ പ്രതിദിന ലാഭം ഏകദേശം 6.535 കോടി റിയാലാണ്.



