ജിദ്ദ – ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ലാഭം ഈ വര്‍ഷം ആദ്യ പകുതിയില്‍ 13.6 ശതമാനം തോതില്‍ കുറഞ്ഞ് 182.6 ബില്യണ്‍ റിയാലായി. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ കമ്പനി 211.3 ബില്യണ്‍ റിയാല്‍ ലാഭം നേടിയിരുന്നു. ആദ്യ പകുതിയില്‍ കമ്പനി വരുമാനം അഞ്ചു ശതമാനത്തിലേറെ കുറഞ്ഞ് 784.5 ബില്യണ്‍ റിയാലായി. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ കമ്പനി വരുമാനം 828 ബില്യണ്‍ റിയാലായിരുന്നു.
അസംസ്‌കൃത എണ്ണയുടെയും ശുദ്ധീകരിച്ച ഉല്‍പന്നങ്ങളുടെയും രാസവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് വരുമാനത്തില്‍ ഉണ്ടായ ഇടിവിന് കാരണം. വില്‍പന നടത്തിയ സംസ്‌കരിച്ച എണ്ണയുല്‍പന്നങ്ങളുടെയും രാസവസ്തുക്കളുടെയും ക്രൂഡ് ഓയിലിന്റെയും അളവില്‍ ഭാഗിക വര്‍ധന രേഖപ്പെടുത്തി.
ഈ വര്‍ഷം രണ്ടാം പാദത്തില്‍, അറാംകൊ 85 ബില്യണ്‍ റിയാല്‍ ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 109 ബില്യണ്‍ റിയാല്‍ നേടിയിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ ലാഭം 22 ശതമാനം തോതില്‍ കുറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തില്‍ ലാഭം 97.5 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ ലാഭം 13 ശതമാനം തോതില്‍ കുറഞ്ഞു. രണ്ടാം പാദത്തില്‍ വരുമാനം 379 ബില്യണ്‍ റിയാലായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 425 ബില്യണ്‍ റിയാല്‍ വരുമാനം നേടിയിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ വരുമാനം 11 ശതമാനം തോതില്‍ കുറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ വരുമാനം 6.6 ശതമാനം തോതില്‍ കുറഞ്ഞു. ആദ്യ പാദത്തില്‍ വരുമാനം 406 ബില്യണ്‍ റിയാലായിരുന്നു.
കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം രണ്ടാം പാദത്തില്‍ വില്‍ക്കപ്പെട്ട അസംസ്‌കൃത എണ്ണയുടെ അളവ് വര്‍ധിച്ചു. രണ്ടാം പാദത്തെ ലാഭവിഹിതമായി 80.11 ബില്യണ്‍ റിയാല്‍ വിതരണം ചെയ്യുമെന്ന് അറാംകൊ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. അടിസ്ഥാന ലാഭവിഹിതമായി 79.3 ബില്യണ്‍ റിയാലും പ്രകടനവുമായി ബന്ധപ്പെട്ട് 0.82 ബില്യണ്‍ റിയാലുമാണ് വിതരണം ചെയ്യുക. ഓഹരിയൊന്നിന് 0.33 ഹലലയാണ് രണ്ടാം പാദത്തില്‍ ലാഭവിഹിതമായി വിതരണം ചെയ്യുന്നത്. ഡിവിഡന്റ് യോഗ്യതാ തീയതി ഓഗസ്റ്റ് 19 ആണ്. ഡിവിഡന്റ് വിതരണം ഓഗസ്റ്റ് 28 ന് പൂര്‍ത്തിയാകും.
ശക്തമായ ലാഭം കൈവരിക്കല്‍, ഓഹരി ഉടമകള്‍ക്ക് സ്ഥിരമായ ലാഭവിഹിതം, അച്ചടക്കമുള്ള മൂലധന വിഹിതം എന്നിവയിലൂടെ സൗദി അറാംകൊ ആദ്യ പകുതിയില്‍ വീണ്ടും അതിന്റെ പ്രതിരോധശേഷി പ്രകടമാക്കിയതായി സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ നാസിര്‍ പറഞ്ഞു.
ചില ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും ആഭ്യന്തരമായും ആഗോളതലത്തിലും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിശ്വസനീയമായ ഊര്‍ജം നല്‍കുന്നത് ഞങ്ങള്‍ തുടര്‍ന്നു. വിപണിയിലെ അടിസ്ഥാനകാര്യങ്ങള്‍ ശക്തമായി തുടരുന്നു. 2025 ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ എണ്ണ ആവശ്യകതയില്‍ പ്രതിദിനം 20 ലക്ഷം ബാരലിലേറെ വര്‍ധനവുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഗോള ഊര്‍ജ, പെട്രോകെമിക്കല്‍സ് വിപണികളില്‍ ഹൈഡ്രോകാര്‍ബണുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് തുടരുമെന്ന ഉറച്ചവിശ്വാസം ഞങ്ങളുടെ ദീര്‍ഘകാല തന്ത്രം പ്രതിഫലിപ്പിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഞങ്ങളുടെ പങ്ക് വഹിക്കാന്‍ ഞങ്ങള്‍ തയാറാണ്. ദീര്‍ഘകാല വിജയം കൈവരിക്കാനായി വൈവിധ്യമാര്‍ന്ന ബിസിനസ്സ് വ്യാപ്തി, കുറഞ്ഞ ചെലവുകള്‍, സാങ്കേതിക പുരോഗതി എന്നിവ പ്രയോജനപ്പെടുത്തി, കൃത്രിമബുദ്ധിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ ഊര്‍ജ സ്രോതസ്സുകള്‍, ഡിജിറ്റല്‍ നവീകരണം തുടങ്ങിയ ഒന്നിലധികം സംരംഭങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് സൗദി അറാംകൊ തുടരുന്നു- എന്‍ജിനീയര്‍ അമീന്‍ നാസിര്‍ പറഞ്ഞു.