റിയാദ് : സൗദി ഭരണാധികാരികളുടെ ഉദാരതക്കും സൗദി മെഡിക്കല്‍ സംഘത്തിന്റെ അതിവൈദഗ്ധ്യത്തിനും നന്ദി, ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ് കടുത്ത ദുരിതത്തില്‍ കഴിഞ്ഞുവന്ന എരിത്രിയന്‍ സയാമിസ് ഇരട്ടകളായ അസ്മാഇനും സുമയ്യക്കും ഇനി സ്വതന്ത്രരായി ജീവിക്കാം. പതിനഞ്ചര മണിക്കൂര്‍ നീണ്ടുനിന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഇരുവരെയും വിജയകരമായി വേര്‍പ്പെടുത്തി.
റിയാദില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ വെച്ചാണ് മെഡിക്കല്‍ സംഘം കുട്ടികള്‍ക്ക് ഓപ്പറേഷന്‍ നടത്തിയത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് രണ്ടു വയസ് പ്രായമുള്ള എരിത്രിയന്‍ സയാമിസ് ഇരട്ടകളെ റിയാദിലെത്തിച്ച് സൗജന്യമായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയതെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുന്ന മെഡിക്കല്‍ ടീം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
അനസ്‌തേഷ്യ, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, നഴ്‌സിംഗ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 36 കണ്‍സള്‍ട്ടന്റുമാരും വിദഗ്ധരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. കൃത്യമായ ആസൂത്രണവും ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയും ഉറപ്പാക്കാന്‍ ന്യൂറോ സര്‍ജിക്കല്‍ നാവിഗേഷന്‍ സാങ്കേതികവിദ്യയും സര്‍ജിക്കല്‍ മൈക്രോസ്‌കോപ്പും ഉപയോഗിച്ചു. സയമാമിസ് ഇരട്ടകള്‍ക്ക് പരിചരണം നല്‍കുന്ന സൗദി പ്രോഗ്രാമിനു കീഴില്‍ നടത്തുന്ന 64-ാമത്തെ ശസ്ത്രക്രിയയാണിത്. ഇരുപത്തിയേഴു രാജ്യങ്ങളില്‍ നിന്നുള്ള സയാമിസ് ഇരട്ടകളെ സൗദി പ്രോഗ്രാമിനു കീഴില്‍ ഇതിനകം വേര്‍പ്പെടുത്തിയിട്ടുണ്ട്. മുപ്പത്തിയഞ്ചു വര്‍ഷത്തിനിടെ 149 സയാമിസ് ഇരട്ടകള്‍ക്ക് സൗദി അറേബ്യ ആരോഗ്യ പരിചരണങ്ങള്‍ നല്‍കിയിട്ടുണ്ട്.
സല്‍മാന്‍ രാജാവില്‍ നിന്നും കിരീടാവകാശിയില്‍ നിന്നും ഈ പ്രോഗ്രാമിന് വലിയ പിന്തുണയും ശ്രദ്ധയും ലഭിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി തങ്കലിപികളില്‍ ആലേഖനം ചെയ്ത തുടര്‍ച്ചയായ മെഡിക്കല്‍ വിജയങ്ങളും നേട്ടങ്ങളും പ്രോഗ്രാം നല്‍കി. സൗദി മെഡിക്കല്‍ മേഖല എത്തിച്ചേര്‍ന്ന ഉയര്‍ന്ന പ്രൊഫഷണല്‍ നിലവാരത്തെയും പ്രാദേശിക മെഡിക്കല്‍ സ്റ്റാഫിന്റെ കഴിവിനെയും ഇത് സൂചിപ്പിക്കുന്നു. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ മെഡിക്കല്‍, സര്‍ജിക്കല്‍ സംഘത്തിലെ അംഗങ്ങള്‍ക്കും ഡോ. അബ്ദുല്ല അല്‍റബീഅ നന്ദി പറഞ്ഞു.
തലയോട്ടിയിലെ അസ്ഥികള്‍, തലച്ചോറിലെ സ്തരങ്ങള്‍, സിരകള്‍, ചില ധമനികള്‍ എന്നിവ ഒട്ടിപ്പിടിച്ച നിലയിലായിരുന്നെന്ന് കാണിക്കുന്ന ഒന്നിലധികം പരിശോധനകള്‍ ഉള്‍പ്പെടെ സമഗ്രമായ വിലയിരുത്തലിന് എരിത്രിയന്‍ സയാമിസ് ഇരട്ടകള്‍ വിധേയരായതായി പീഡിയാട്രിക് ന്യൂറോസര്‍ജറി വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റുമായ ഡോ. മുഅ്തസിം അല്‍സഅബി പറഞ്ഞു. ഇത് പല ഘട്ടങ്ങളിലായി വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തല്‍ ആവശ്യമാക്കി. അതില്‍ ആദ്യത്തേത് ശസ്ത്രക്രിയയായിരുന്നു. തുടര്‍ന്ന് പങ്കിട്ട നിലയിലുള്ള ധമനികളും സിരകളും അടക്കുന്നതിന് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഉപയോഗിച്ച് മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി. വേര്‍പ്പെടുത്തലിനു ശേഷമുള്ള വിടവ് നികത്താന്‍ കഴിയുന്നതിന് മാസങ്ങളോളം ചര്‍മം നീട്ടുക എന്ന ലക്ഷ്യത്തോടെ പീഡിയാട്രിക് പ്ലാസ്റ്റിക് സര്‍ജറി സംഘം ചര്‍മത്തിനടിയില്‍ ബലൂണുകള്‍ വെച്ചതായും ഡോ. മുഅ്തസിം അല്‍സഅബി പറഞ്ഞു.
തങ്ങളുടെ തീരാദുരിതത്തിന് അറുതിണ്ടാക്കാന്‍ കാരുണ്യവും മഹാമനസ്‌കതയും കാണിച്ച സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്ത മെഡിക്കല്‍ സംഘത്തിനും സയാമിസ് ഇരട്ടകളുടെ മാതാപിതാക്കള്‍ നന്ദിയും കടപ്പാടും അറിയിച്ചു. സൗദി അറേബ്യ നടത്തുന്ന മഹത്തായ മാനുഷിക പ്രവര്‍ത്തനത്തെ അവര്‍ പ്രശംസിക്കുകയും രാജ്യത്ത് തങ്ങള്‍ക്ക് ഊഷ്മളമായ സ്വാഗതവും ഉദാരമായ ആതിഥ്യമര്യാദയും ലഭിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു.