റിയാദ് – ഫലസ്തീനികള്‍ക്ക് നിയമാനുസൃത അവകാശങ്ങള്‍ ലഭിക്കാനും എല്ലാവര്‍ക്കും സമഗ്ര സമാധാനവും നീതിയും കൈവരിക്കാനും സാധിക്കുന്നതിന് ഫലസ്തീന്‍ രാഷ്ട്രത്തെ ഇനിയും അംഗീകരിക്കാത്ത രാജ്യങ്ങള്‍, വിശിഷ്യാ യു.എന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ എത്രയും വേഗം 1967 അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അയര്‍ലന്റിന്റെയും സ്‌പെയിനിന്റെയും നോര്‍വേയുടെയും തീരുമാനങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സൗദി വിദേശ മന്ത്രാലയം മറ്റു രാജ്യങ്ങളും എത്രയും വേഗം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ നോര്‍വേ, സ്‌പെയിന്‍, അയര്‍ലന്റ് എന്നീ രാജ്യങ്ങള്‍ എടുത്ത അനുകൂല തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തെ കുറിച്ച അന്താരാഷ്ട്ര സമവായം സ്ഥിരീകരിച്ച് സൗഹൃദ രാജ്യങ്ങള്‍ പുറപ്പെടുവിച്ച തീരുമാനത്തെ സൗദി അറേബ്യ അഭിനന്ദിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നിറവേറ്റുന്ന ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് വിശ്വസനീയവും മാറ്റാനാകാത്തതുമായ പാത കണ്ടെത്താന്‍ സഹായിക്കുന്ന ഇതേ തീരുമാനം വേഗത്തില്‍ എടുക്കാന്‍ മറ്റു രാജ്യങ്ങളോടും സൗദി അറേബ്യ ആവശ്യപ്പെടുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള മൂന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ ഫലസ്തീന്‍ പ്രസിഡന്‍സി സ്വാഗതം ചെയ്തു. സ്വന്തം ഭൂമിയില്‍ സ്വയം നിര്‍ണയത്തിനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശത്തിന്റെ സ്ഥിരീകരണമായും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള യഥാര്‍ഥ ചുവടുവെപ്പുകളായും മൂന്നു രാജ്യങ്ങളുടെയും അംഗീകാരം കണക്കാക്കപ്പെടുന്നു. ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രത്തെ മുഴുവന്‍ ലോക രാജ്യങ്ങളും അംഗീകരിക്കണമെന്നും കൂട്ടക്കുരുതിക്ക് വിധേയരാകുന്ന ഫലസ്തീന്‍ ജനതക്ക് അടിയന്തിരമായി അന്താരാഷ് ട്ര സംരക്ഷണം ഒരുക്കണമെന്നും ഫലസ്തീന്‍ പ്രസിഡന്‍സി ആവശ്യപ്പെട്ടു.
നീണ്ട പതിറ്റാണ്ടുകളുടെ ഫലസ്തീന്‍ ദേശീയ പോരാട്ടത്തിനു ശേഷം, നീതിക്കും സത്യത്തിനും വേണ്ടിയുള്ള സ്വതന്ത്ര ലോകത്തിന്റെ വിജയമായി മൂന്നു രാജ്യങ്ങളുടെ അംഗീകാരത്തെ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഹുസൈന്‍ അല്‍ശൈഖ് വിശേഷിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിന്റെയും പാതയില്‍ ഫലസ്തീന്‍ ജനതയുടെ ജീവിതത്തില്‍ ഇത് ചരിത്രപരമായ ദിവസമാണെന്നും ഹുസൈന്‍ അല്‍ശൈഖ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള സ്‌പെയിനിന്റെയും നോര്‍വേയുടെയും അയര്‍ലന്റിന്റെയും തീരുമാനങ്ങളെ അറബ് ലീഗും അറബ് പാര്‍ലമെന്റും മുസ്‌ലിം വേള്‍ഡ് ലീഗും ഗള്‍ഫ് സഹകരണ കൗണ്‍സിലും സ്വാഗതം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group