ജിദ്ദ – വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യ എണ്ണയുല്‍പാദനം ക്രമാനുഗതമായി വര്‍ധിപ്പിക്കുമെന്ന് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. 2028 ല്‍ പ്രതിദിനം 12.3 ദശലക്ഷം ബാരല്‍ എണ്ണ തോതില്‍ ഉല്‍പാദിപ്പിക്കുമെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞു. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സൗദി അറേബ്യ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നു.
ഇതിലൂടെ വൈദ്യുതി ഉല്‍പാദനത്തിന് നേരത്തെ ഉപയോഗിച്ചിരുന്ന എണ്ണയില്‍ പ്രതിദിനം പത്തു ലക്ഷം ബാരല്‍ ലാഭിക്കാന്‍ സാധിക്കുന്നു. ഇക്കാരണത്താലാണ് സൗദി അറേബ്യ എണ്ണയുല്‍പാദനം കുറച്ചത്.
അടുത്ത വര്‍ഷം മുതല്‍ എണ്ണയുല്‍പാദനം ക്രമാനുഗതമായി വര്‍ധിപ്പിക്കും. 2026 ല്‍ ഉല്‍പാദന ശേഷി വലിയ തോതില്‍ വര്‍ധിക്കും. 2027 ലും ഉല്‍പാദനം വര്‍ധിപ്പിക്കും. 2028 ല്‍ പ്രതിദിന എണ്ണയുല്‍പാദനം 12.3 ദശലക്ഷം ബാരലാകുമെന്നും അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഒപെക് പ്ലസ് രാജ്യങ്ങളുടെ എണ്ണയുല്‍പാദനം മൂന്നു വര്‍ഷത്തിനുള്ളില്‍ പടിപടിയായി വര്‍ധിക്കും. ആഗോള വിപണിയില്‍ എണ്ണ വില സ്ഥിരപ്പെടുത്തുന്ന കൂട്ടായ്മയാണ് ഒപെക് പ്ലസ് എന്ന ആരോപണം സഖ്യത്തെ ഭയപ്പെടുത്തുന്നതില്‍ വിജയിക്കില്ലെന്നും സൗദി ഊര്‍ജ മന്ത്രി പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം ഒപെക് പ്ലസ് കൂട്ടായ്മയുണ്ടാക്കിയ ഉടമ്പടി, കൂട്ടായ്മയുടെ എണ്ണയുല്‍പാദന നയത്തിന്റെ വ്യക്തമായ റോഡ് മാപ്പ് ആണെന്ന് ഒപെക് സെക്രട്ടറി ജനറല്‍ ഹൈഥം അല്‍ഗൈസ് പറഞ്ഞു.