ജിദ്ദ– ഭക്ഷ്യസുരക്ഷാ മേഖലയില്‍ സൗദി അറേബ്യ വന്‍ കുതിപ്പ് തുടരുന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ 2024 ലെ ഭക്ഷ്യ സുരക്ഷാ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 നെ അപേക്ഷിച്ച് 2024 ല്‍ നിരവധി സസ്യ-ജന്തു ഭക്ഷ്യ ഉല്‍പന്നങ്ങളുടെ സ്വയംപര്യാപ്തതാ നിരക്കുകളില്‍ വര്‍ധനവ് കൈവരിച്ചു. ചെമ്മീനിന്റെ സ്വയംപര്യാപ്തതാ നിരക്ക് 149 ശതമാനമായും പാലുല്‍പ്പന്നങ്ങളില്‍ സ്വയംപര്യാപ്തതാ നിരക്ക് 131 ശതമാനമായും കോഴിമുട്ടകളില്‍ സ്വയംപര്യാപ്തതാ നിരക്ക് 103 ശതമാനമായും കോഴിയിറച്ചിയില്‍ 72 ശതമാനമായും ഇറച്ചിയില്‍ (റെഡ് മീറ്റ്) 62 ശതമാനമായും മത്സ്യത്തില്‍ 52 ശതമാനവുമായും ഉയര്‍ന്നു.
പച്ചക്കറികളില്‍ സ്വയംപര്യാപ്തതാ നിരക്ക് വഴുതനങ്ങയില്‍ 105 ശതമാനവും വെണ്ടക്കയില്‍ 102 ശതമാനവും കക്കരിക്കയില്‍ 101 ശതമാനവും ചെറിയ മത്തനില്‍ (കൂസ) 100 ശതമാനവുമായും ഉയര്‍ന്നു. പഴവര്‍ഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്വയംപര്യാപ്തതാ നിരക്ക് ഈത്തപ്പഴ ഉല്‍പാദനത്തിലാണ്. ഈത്തപ്പഴത്തില്‍ സ്വയംപര്യാപ്തതാ നിരക്ക് 121 ശതമാനത്തിലെത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്തിപ്പഴത്തില്‍ ഇത് 99 ശതമാനമാണ്. മുന്തിരി ഉല്‍പാദനത്തില്‍ 65 ശതമാനവും മാമ്പഴത്തില്‍ 55 ശതമാനവും ചെറുനാരങ്ങയില്‍ 46 ശതമാനവും ആപ്രിക്കോട്ടില്‍ 43 ശതമാനവും അനാറില്‍ 42 ശതമാനവും സ്‌ട്രോബറിയില്‍ 25 ശതമാനവും സ്വയംപര്യാപ്തത നേടി. തണ്ണിമത്തന്‍ ഉല്‍പാദനത്തില്‍ 98 ശതമാനവും മത്തനില്‍ 94 ശതമാനവും ഉരുളക്കിഴങ്ങില്‍ 93 ശതമാനവും തക്കാളിയില്‍ 83 ശതമാനവും പച്ചമുളകളില്‍ 78 ശതമാനവും സവാളയില്‍ 72 ശതമാനവും ശമ്മാമില്‍ 66 ശതമാനവും ക്യാരറ്റില്‍ 60 ശതമാനവും സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്.
2023 നെ അപേക്ഷിച്ച് 2024 ല്‍ ചില ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ സ്വയംപര്യാപ്തതാ നിരക്കുകള്‍ വര്‍ധിച്ചു. സവാളയുടെ സ്വയംപര്യാപ്തതാ നിരക്ക് 41.2 ശതമാനവും തക്കാളിയുടെ സ്വയംപര്യാപ്തതാ നിരക്ക് 9.2 ശതമാനവും മത്സ്യത്തിന്റെ സ്വയംപര്യാപ്തതാ നിരക്ക് 8.2 ശതമാനവും കോഴിയിറച്ചിയുടെ സ്വയംപര്യാപ്തതാ നിരക്ക് 1.4 ശതമാനവും തോതില്‍ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചു.
അരിയുടെ പ്രതിശീര്‍ഷ ഉപഭോഗം പ്രതിവര്‍ഷം 52.1 കിലോഗ്രാമും ഈത്തപ്പഴത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗം പ്രതിവര്‍ഷം 35.8 കിലോഗ്രാമും സവാളയുടെ പ്രതിശീര്‍ഷ ഉപഭോഗം പ്രതിവര്‍ഷം 20.5 കിലോഗ്രാമും തക്കാളിയുടെ പ്രതിശീര്‍ഷ ഉപഭോഗം 19.6 കിലോഗ്രാമും ഉരുളക്കിഴങ്ങിന്റെ പ്രതിശീര്‍ഷ ഉപഭോഗം 15.6 കിലോയും ഏത്തപ്പഴത്തിന്റെയും ഓറഞ്ചിന്റെയും പ്രതിശീര്‍ഷ ഉപഭോഗം 12 കിലോ വീതവും കാപ്പിയുടെ പ്രതിശീര്‍ഷ ഉപഭോഗം മൂന്നു കിലോ ആയും ഉയര്‍ന്നു. പാലിന്റെ പ്രതിശീര്‍ഷ ഉപഭോഗം പ്രതിവര്‍ഷം 70.3 ലിറ്ററും കോഴിയിറച്ചിയുടെ പ്രതിശീര്‍ഷ ഉപഭോഗം 46.9 കിലോഗ്രാമും മുട്ടയുടെ പ്രതിശീര്‍ഷ ഉപഭോഗം 235 മുട്ടകളും റെഡ് മീറ്റിന്റെ പ്രതിശീര്‍ഷ ഉപഭോഗം 13.2 കിലോഗ്രാമുമാണ്.



