ജിദ്ദ – ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനും ദ്വിരാഷ്ട്ര പരിഹാരം തടയാനുമുള്ള ഇസ്രായിലിന്റെ നീക്കത്തെ അപലപിച്ച് സൗദി അറേബ്യ. അധിനിവേശ ജറൂസലേം നഗരത്തിന് ചുറ്റും ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമ്മാണവുമായി മുന്നോട്ട് പോകാനുള്ള ഇസ്രായേൽ നീക്കത്തെയാണ് സൗദി വിദേശ മന്ത്രാലയം അപലപിച്ചത്.
ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തടയാനുള്ള ഇസ്രായിലിൻ്റെ പ്രഖ്യാപനങ്ങളെയും സൗദി ശക്തമായി എതിർത്തു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് തടയാനുള്ള ഇസ്രായിലിന്റെ നീക്കങ്ങള്‍ നിയമ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായിലിന്റെ ഈ നീക്കം സമാധാന പ്രക്രിയയെ തടസ്സപ്പെടുത്തുന്നതും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതുമാണെന്ന് മന്ത്രാലയം പറഞ്ഞു.
കിഴക്കന്‍ ജറൂസലമില്‍ നിന്ന് വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന കുടിയേറ്റ കോളനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഇസ്രായിലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോന്‍ സാഅറും വ്യക്തമാക്കിയിരുന്നു.
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ആഹ്വാനങ്ങളെ ഇസ്രായേൽ എതിർക്കുന്ന സാഹചര്യത്തിൽ, പലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിക്കാനുള്ള പദ്ധതികൾ ഫ്രാൻസും കാനഡയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഉള്‍പ്പെടെയുള്ള അവരുടെ ന്യായമായ അവകാശങ്ങള്‍ നിറവേറ്റണമെന്നും ഫലസ്തീന്‍ ജനതക്കെതിരായ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഖത്തർ, ഈജിപ്ത്, ജോര്‍ദാൻ, കുവൈത്ത് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇസ്രായിലിന്റെ പുതിയ കുടിയേറ്റ കോളനി നിര്‍മാണ പദ്ധതിയെ ശക്തമായി അപലപിച്ചിട്ടുണ്ട്.