ജിദ്ദ – സൗദി അറേബ്യക്കും റഷ്യക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
സെന്റ് പീറ്റേഴ്സ്ബര്‍ഗ് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിയ, ഫ്ളൈ നാസ്, ഫ്ളൈ അദീല്‍, റിയാദ് എയര്‍ എന്നീ എല്ലാ ദേശീയ വിമാന കമ്പനികളും റഷ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തും. ലോകമെമ്പാടും പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന് സൗദി വിമാന കമ്പനികളുമായി നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്ന് സൗദിയില്‍ ഗതാഗത, ലോജിസ്റ്റിക്സ്, വ്യോമയാന മേഖലകള്‍ ഗണ്യമായി വികസിച്ചുകൊണ്ടിരിക്കുന്നു. ലക്ഷ്യസ്ഥാനങ്ങളുടെ വികാസവും വിമാനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയും ഉണ്ടായിട്ടുണ്ട് – എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
സൗദി ഊര്‍ജ, ഗതാഗത, നിക്ഷേപ മന്ത്രാലയങ്ങളും സ്വകാര്യ മേഖലയും സെന്റ് പീറ്റേഴ്സ്ബര്‍ഗ് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സജീവമായി പങ്കാളിത്തം വഹിക്കുന്നു. സൗദി അറേബ്യ ആഗോള പരിപാടികളില്‍ പങ്കെടുക്കുകയും രാജ്യത്തിന്റെ പരിവര്‍ത്തനത്തിന് സഹായകമായ പൊതുവായ വിഷയങ്ങളില്‍ സംഭാഷണങ്ങളിലും ചര്‍ച്ചകളിലും ഏര്‍പ്പെടുകയും ചെയ്യുന്നു. ഇത് ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രം പോലുള്ള തന്ത്രങ്ങള്‍ക്ക് സഹായകമാണെന്നും മന്ത്രി പറഞ്ഞു.