ജിദ്ദ – യെമന്‍ വികസന, പുനര്‍നിര്‍മ്മാണ സൗദി പ്രോഗ്രാമിലൂടെ പ്രവര്‍ത്തന ചെലവുകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വഹിക്കാനായി സൗദി അറേബ്യ യെമന്‍ ബജറ്റിലേക്ക് 130 കോടി റിയാലിന്റെ സാമ്പത്തിക സഹായം നല്‍കിയതായി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ യെമന്‍ സര്‍ക്കാരിനെ പിന്തുണക്കേണ്ടതിന്റെ അടിയന്തിര ആവശ്യത്തോടുള്ള പ്രതികരണമായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് യെമന്‍ സര്‍ക്കാരിന് പുതിയ സഹായം നല്‍കിയതെന്ന് പ്രതിരോധ മന്ത്രി വിശദീകരിച്ചു. യെമനില്‍ സാമ്പത്തിക, ധന സ്ഥിരത കൈവരിക്കുക, സ്ഥിരതക്കുള്ള അടിത്തറ സ്ഥാപിക്കുക, വികസന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുക, സുസ്ഥിരമായ സാമൂഹിക വീണ്ടെടുക്കല്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ സാമ്പത്തിക സഹായത്തിലൂടെ ലക്ഷ്യമിടുന്നത്.



