ജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ഈ വേനൽക്കാലത്ത് ഉറുമാൻ പഴം (അനാർ) സമൃദ്ധമായി വിളവെടുക്കുന്നു. അതുല്യമായ പ്രകൃതിദത്ത രുചിയും ഉയർന്ന പോഷകഗുണവും ഇതിന്റെ പ്രത്യേകതയാണ്. രാജ്യത്ത് വർഷംതോറും 37,100 ടൺ ഉറുമാൻ പഴം ഉൽപ്പാദിപ്പിക്കുന്നു, ഇത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും സഹായിക്കുന്നു.
അസീർ, മക്ക, തബൂക്ക്, അൽഖസീം, അൽബാഹ തുടങ്ങിയ പ്രവിശ്യകളിൽ ഉറുമാൻ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. മറ്റു പ്രവിശ്യകളിലും വ്യത്യസ്ത തോതിൽ ഉറുമാൻ ഉൽപ്പാദനം നടക്കുന്നുണ്ട്. ഈ കൃഷി രാജ്യത്തിന്റെ കാർഷിക മേഖലയിൽ പ്രതീക്ഷ നൽകുന്ന വിളയായി മാറിയിരിക്കുന്നു.


ഉറുമാൻ പഴത്തിന്റെ വൈവിധ്യമാർന്ന ഇനങ്ങൾ പ്രശസ്തമാണ്. തായിഫി, ഹിജാസി, വണ്ടർഫുൾ, എവർ സ്വീറ്റ് എന്നിവയാണ് പ്രധാന ഇനങ്ങൾ. ജ്യൂസ്, ഐസ്ക്രീം, മധുരപലഹാരങ്ങൾ തുടങ്ങിയ ഉപഭോഗ, സംസ്കരണ വ്യവസായങ്ങളെ ഈ ഇനങ്ങൾ പിന്തുണയ്ക്കുന്നു.
കർഷകർക്ക് സാങ്കേതിക പിന്തുണ, ഉപദേശക സേവനങ്ങൾ, ധനസഹായം, വിപണന സൗകര്യങ്ങൾ എന്നിവ നൽകി അവരെ ശാക്തീകരിക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി, ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ പ്രയോഗിച്ച് ദേശീയ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും മന്ത്രാലയം കർഷകരെ സഹായിക്കുന്നു.