ജിദ്ദ: പ്രാദേശിക ഉല്‍പാദനം കൂടാതെ ഏറ്റവും കൂടുതല്‍ കാറുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദിയെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സൗദി അറേബ്യയുടെ ഭാവി ചിന്തയെ സൂചിപ്പിക്കുന്നു. ആഗോള നിക്ഷേപകരില്‍ നിന്ന് സൗദി അറേബ്യക്ക് വലിയ ശ്രദ്ധ ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എണ്ണയിതര കയറ്റുമതി ഏറ്റവും ഉയര്‍ന്ന തോതിലെത്തി.
മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ എണ്ണയിതര കയറ്റുമതിയുടെ പങ്ക് 16 ശതമാനത്തില്‍ നിന്ന് 25 ശതമാനം ആയി വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം എണ്ണയിതര, പെട്രോകെമിക്കല്‍ ഇതര കയറ്റുമതിയില്‍ ഒമ്പതു ശതമാനം വളര്‍ച്ചയുണ്ടായി. നിക്ഷേപം, മികച്ച നയങ്ങള്‍, സ്വകാര്യ മേഖലയുമായുള്ള ഫലപ്രദമായ ഇടപെടല്‍ എന്നിവ രാജ്യത്തിന് ഗണ്യമായ ശക്തിയും വരുമാനവും നല്‍കുന്നതെങ്ങിനെയെന്ന് ഈ വളര്‍ച്ച തെളിയിക്കുന്നു. സ്വകാര്യ മേഖലയുടെ വിവിധ ആവശ്യങ്ങളും വെല്ലുവിളികളും മുന്‍കൂട്ടി കണ്ട് അഭിസംബോധന ചെയ്യുന്ന ശരിയായ നയങ്ങള്‍ വികസിപ്പിക്കുക എന്നതാണ് അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാര്‍ വഹിക്കുന്ന പങ്ക്. സ്വകാര്യ മേഖലയുടെ അഭിവൃദ്ധിക്ക് ഈ നയങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.