റിയാദ് – ഓറല്‍ ഓങ്കോളജി മരുന്ന് സാങ്കേതികവിദ്യ കൈമാറ്റത്തിനും പ്രാദേശികവല്‍ക്കരണത്തിനും സൗദി-ഇന്ത്യന്‍ പങ്കാളിത്തം. ഓറല്‍ ഓങ്കോളജി മരുന്നുകളുടെ നിര്‍മാണ സാങ്കേതികവിദ്യ കൈമാറ്റത്തിന് സഹ്റാന്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ നസഖ് അല്‍ഇന്‍ജാസ് ഫോര്‍ ഡെവലപ്മെന്റ് ആന്റ് കൊമേഴ്സ്യല്‍ ഇന്‍വെസ്റ്റ്മെന്റും ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയായ മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഗ്രൂപ്പും അതിന്റെ ഗവേഷണ കേന്ദ്രവും തമ്മിലാണ് തന്ത്രപരമായ കരാര്‍ ഒപ്പുവെച്ചത്. സൗദിയില്‍ ആദ്യമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സഹ്റാന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബദര്‍ ഗറമുല്ല അല്‍സഹ്റാനിയും മക്ലിയോഡ്സ് സി.ഇ.ഒ വിജയ് അഗര്‍വാളുമാണ് ഇരു കമ്പനികളെയും പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പുവെച്ചത്.
സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായത്തില്‍, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ ഗുണപരമായ മാറ്റത്തെ ഈ കരാര്‍ പ്രതിനിധീകരിക്കുന്നു. പ്രാദേശിക ബദലുകളില്ലാത്ത ഓറല്‍ ഓങ്കോളജി മരുന്നുകള്‍ക്കുള്ള ആവശ്യകത ഇത് നിറവേറ്റുന്നു. ഈ തരത്തിലുള്ള നൂതന ചികിത്സയുടെ ആവശ്യകതകള്‍ നിറവേറ്റുന്ന ഉയര്‍ന്ന കൃത്യതയാര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളോടെയുള്ള ഫാക്ടറിയുടെ രൂപകല്‍പനയും സാങ്കേതിക കൈമാറ്റവും കരാറില്‍ ഉള്‍പ്പെടുന്നു. നിക്ഷേപ മന്ത്രാലയത്തിന്റെ അനുമതിയോടെ നെസ്മാക് എന്ന പേരില്‍ പുതിയ കമ്പനി സ്ഥാപിച്ചിട്ടുണ്ട്.
ഹൃദ്രോഗങ്ങള്‍, പ്രമേഹം, ആസ്ത്മ, അക്യൂട്ട്-ക്രോണിക് മൈഗ്രെയിനുകള്‍, മാനസിക രോഗം എന്നിവക്കുള്ള ഒരു കൂട്ടം മരുന്നുകള്‍ നിര്‍മിക്കാനായി രണ്ടാമതൊരു സ്വതന്ത്ര ഫാക്ടറി സ്ഥാപിക്കാനും ഇരു കമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്. കരാര്‍ ഒപ്പുവെച്ച് 18 മാസത്തിനുള്ളില്‍ മരുന്നുകളുടെ ഉല്‍പാദനം സൗദിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്ത് മരുന്ന് സുരക്ഷ വര്‍ധിപ്പിക്കുകയും ആഗോള ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായത്തില്‍ രാജ്യത്തെ മുന്‍പന്തിയില്‍ നിര്‍ത്തുകയും ചെയ്യും.
സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൗദി അറേബ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് തുടക്കം കുറിച്ച സ്പിമാകോ കമ്പനി സ്ഥാപകനും ശൂറാ കൗണ്‍സില്‍ മുന്‍ അംഗവും അഴിമതി വിരുദ്ധ കമ്മീഷന്റെ (നസഹ) മുന്‍ വൈസ് ചെയര്‍മാനുമായ അബ്ദുല്ല അല്‍അബ്ദുല്‍ഖാദിര്‍ എന്നിവര്‍ അടക്കം ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയിലെ പ്രമുഖരുടെ നിര കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.