റിയാദ് – സംരംഭകനും യൂബര്‍ സഹസ്ഥാപകനുമായ ട്രാവിസ് കലാനിക്കിനും റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോക്കും സൗദി പൗരത്വം. ഇരുവർക്കും സൗദി പൗരത്വം അനുവദിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കി. സമീപ കാലത്ത് സൗദി പൗരത്വം ലഭിച്ച ശാസ്ത്രജ്ഞര്‍, നൂതനാശയക്കാര്‍, വിദഗ്ധര്‍, സംരംഭകര്‍ എന്നിവരുടെ കൂട്ടത്തില്‍ ട്രാവിസ് കലാനിക്കും ജോണ്‍ പഗാനോയും ചേര്‍ന്നു. സൗദി സമ്പദ്വ്യവസ്ഥക്ക് നല്‍കുന്ന അധിക മൂല്യം കണക്കിലെടുത്ത്, മനുഷ്യ മൂലധനത്തില്‍ നിക്ഷേപങ്ങള്‍ നടത്താനും വിശിഷ്ട വ്യക്തികളെയും സര്‍ഗപ്രതിഭകളെയും ആകര്‍ഷിക്കാനുമുള്ള അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030 ന് അനുസൃതമായി മികച്ച ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവരില്‍ സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ട്രാവിസ് കലാനിക്കിനും ജോണ്‍ പഗാനോക്കും സൗദി പൗരത്വം സമ്മാനിച്ചത്.
സമീപ കാലത്ത് ഇസ്‌ലാം ആശ്ലേഷിച്ച ട്രാവിസും പഗാനോയും സാങ്കേതികവിദ്യാ, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ സ്ഥാപിക്കുന്നതിലും ടൂറിസം മേഖലകള്‍ വികസിപ്പിക്കുന്നതിലും വിജയകരമായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നു. ട്രാവിസ് കലാനിക് സ്റ്റാര്‍ട്ടപ്പുകളിലേക്ക് കടന്നുവന്ന ഏറ്റവും പ്രമുഖ സംരംഭകരില്‍ ഒരാളാണ്. ഈ മേഖലയില്‍ 26 വര്‍ഷത്തിലധികം പ്രായോഗിക പരിചയസമ്പത്തുണ്ട്. 150 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള യൂബറിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമാണ് അദ്ദേഹം. കിച്ചണ്‍ പാര്‍ക്ക് (സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ) എന്ന പേരില്‍ മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പെടെ 400-ലധികം ആഗോള സ്ഥലങ്ങളില്‍ ഡെലിവറി-ഓറിയന്റഡ് ക്ലൗഡ് കിച്ചണുകളുടെ മുന്‍നിര ദാതാവായ ക്ലൗഡ് കിച്ചണ്‍സിന്റെ സി.ഇ.ഒ ആണ് നിലവില്‍ അദ്ദേഹം. കമ്പനിയിലേക്ക് 1.25 ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇത് കമ്പനിയുടെ ദ്രുതഗതിയിലുള്ള വികാസത്തിന് ആക്കം കൂട്ടി. ചൈനയിലും ഇന്ത്യയിലും റിയല്‍ എസ്റ്റേറ്റ്, ഇ-കൊമേഴ്സ്, എമര്‍ജിംഗ് ഇന്നൊവേഷന്‍സ് എന്നീ മേഖലകളില്‍ നിക്ഷേപിക്കാനായി അദ്ദേഹം 10100 ഫണ്ട് എന്ന നിക്ഷേപ ഫണ്ടും സ്ഥാപിച്ചു.
റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പഗാനോക്ക് 40 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. 2006 ല്‍, ബഹാമാസിലെ ആഡംബര റിസോര്‍ട്ടുകളുടെയും റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളുടെയും ഡെവലപ്പറായ ബഹാ മാറിന്റെ പ്രസിഡന്റ് സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. കൂടാതെ 3.6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബഹാ മാര്‍ റിസോര്‍ട്ടിന്റെ വികസനത്തിന് മേല്‍നോട്ടം വഹിച്ചു. 2022 ല്‍ ദി റെഡ് സീ ഡെവലപ്മെന്റ് കമ്പനിയും അമാലയും ലയിച്ചതിനെ തുടര്‍ന്ന്, പഗാനോ നിലവില്‍ റെഡ് സീ, അമാല പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നു. സൗദി അറേബ്യയുടെ ഉയര്‍ന്നുവരുന്ന അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ നല്‍കിയ നിര്‍ണായക പങ്കിന് 2024 ല്‍ ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ ട്രാവല്‍ ആന്റ് ടൂറിസം ലീഡേഴ്‌സ് പട്ടികയില്‍ ഇടം നേടി.
ഈ ബഹുമതിക്കും ഈ വിശ്വാസത്തിനും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പഗാനോ നന്ദിയും കടപ്പാടും അറിയിച്ചു. ‘നിരവധി വര്‍ഷങ്ങള്‍ സൗദിയില്‍ ചെലവഴിക്കുകയും രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ഇഴുകിച്ചേരുകയും ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും സൗദിയുടെ പ്രചോദനാത്മകമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്ത ശേഷം സൗദി അറേബ്യ അഭിമാനത്തോടെ എന്റെ വീടായി മാറിയിരിക്കുന്നു. റെഡ് സീ ഡെവലപ്മെന്റ് ഗ്രൂപ്പുമായുള്ള അതുല്യമായ യാത്രയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്’ – തന്റെ ഔദ്യോഗിക എക്‌സ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പോസ്റ്റില്‍ ജോണ്‍ പഗാനോ പറഞ്ഞു.