ജിദ്ദ – ഗാസയിലെ മനുഷ്യരുടെ ദുരിതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും, ഈ പ്രതിസന്ധി അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി എല്ലാവര്‍ക്കും ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കണമെന്നും പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാരനെ പ്രതിനിധീകരിച്ചാണ് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ പങ്കെടുത്തത്. ബ്രിക്‌സ് ഗ്രൂപ്പില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട അംഗമെന്നോണമാണ് സൗദി അറേബ്യ ഉച്ചകോടിയില്‍ പങ്കെടുത്തത്.
ലോകം നേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ എല്ലാവരുടെയും പങ്കിട്ട ഉത്തരവാദിത്തങ്ങളെ ഓര്‍മിപ്പിക്കുന്നു. സുരക്ഷ നിലനിര്‍ത്താനും സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് തടയാനും സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കുന്നത് ഒഴിവാക്കാനും അന്താരാഷ്ട്ര സമൂഹം പ്രവര്‍ത്തിക്കണം. ഗാസയിലെ സാഹചര്യങ്ങള്‍ വിനാശകരമാണ്. ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ക്കെതിരായ ഇസ്രായിലി ആക്രമണങ്ങളും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലുള്ള ലോകക്രമത്തോടുള്ള വെല്ലുവിളിയാണിത്. ഗാസയില്‍ മാനുഷിക സഹായ വിതരണവും സാധാരണക്കാരുടെ സംരക്ഷണവും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തങ്ങള്‍ അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. അവസരങ്ങളും പങ്കിട്ട വികസനവും നിറഞ്ഞ ഒരു ഭാവിക്കായി ബഹുമുഖ വേദികളില്‍ ഫലപ്രദമായ സഹകരണം കെട്ടിപ്പടുക്കാനുള്ള സൗദി അറേബ്യയുടെ ആഗ്രഹം വിദേശ മന്ത്രി പ്രകടിപ്പിച്ചു.
കാലാവസ്ഥ, ആരോഗ്യ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ചട്ടക്കൂട് കണ്‍വെന്‍ഷനോടും പാരീസ് ഉടമ്പടിയോടുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത വിദേശ മന്ത്രി സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രായോഗികവും സന്തുലിതവുമായ സമീപനം സ്വീകരിക്കണം.
ജലക്ഷാമമുള്ള ഒരു രാജ്യമെന്ന നിലയില്‍ സൗദി അറേബ്യ പാരിസ്ഥിതിക വെല്ലുവിളികളും ജലസ്രോതസ്സുകളും കൈകാര്യം ചെയ്യുന്നതിനുള്ള നൂതന രീതികളും സാങ്കേതികവിദ്യകളും വികസിപ്പിച്ചിട്ടുണ്ട്. സുപ്രധാന വിഭവമായ ജലസ്രോതസ്സുകളിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ലോക ജല സംഘടന സ്ഥാപിക്കുന്നതിലേക്ക് നയിച്ച ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ നേതൃത്വം നല്‍കി.


ആരോഗ്യ മേഖലയില്‍ പ്രതിരോധത്തിലും സംയോജിത പരിചരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്രമായ പരിഷ്‌കാരങ്ങള്‍ സൗദി അറേബ്യയുടെ വിഷന്‍ 2030 ല്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യ അടിയന്തരാവസ്ഥകള്‍ക്കുള്ള തയാറെടുപ്പിനും പ്രതികരണത്തിനുമുള്ള പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ആസൂത്രണ, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിലും ഹജ്, ഉംറ തുടങ്ങിയ പ്രധാന ഒത്തുചേരലുകള്‍ കൈകാര്യം ചെയ്യുന്നതിലും സൗദി അറേബ്യയുടെ പരിചയസമ്പത്ത് വിദേശ മന്ത്രി വിശദീകരിച്ചു. ബ്രസീലിലെ സൗദി അംബാസഡര്‍ ഫൈസല്‍ ഗുലാം, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ വലീദ് അല്‍സമായില്‍, മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അല്‍യഹ്‌യ, വിദേശ മന്ത്രാലയത്തില്‍ അന്താരാഷ്ട്ര സംഘടനാ കാര്യങ്ങള്‍ക്കുള്ള ഡയറക്ടര്‍ ജനറല്‍ ശാഹിര്‍ അല്‍ഖുനൈനി എന്നിവര്‍ സെഷനില്‍ പങ്കെടുത്തു.