ജിദ്ദ – സൗദി ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ട്രാന്‍സിറ്റ് ഫ്ളൈറ്റുകള്‍ ഉള്‍പ്പെടെ ഇരു ദിശകളിലേക്കുമുള്ള അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ അസാധാരണമായ ഇളവ് പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലത്ത് യാത്ര ചെയ്യുന്നതിന് ഓഗസ്റ്റ് 17 മുതല്‍ 31 വരെ ബുക്ക് ചെയ്ത് വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കും. ഇക്കാലത്ത് യാത്രക്കാര്‍ക്ക് സൗദിയ വെബ്‌സൈറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴിയും സെയില്‍സ് ഓഫീസുകള്‍ വഴിയും ബുക്കിംഗ് നടത്താനും പര്‍ച്ചേയ്സിംഗ് പൂര്‍ത്തിയാക്കാനും കഴിയും. പ്രമോഷണല്‍ ഓഫറില്‍ ബിസിനസ്, ഇക്കണോമി ക്ലാസ് ടിക്കറ്റുകളും ഉള്‍പ്പെടുന്നു.
വിമാന ടിക്കറ്റിനൊപ്പം ഡിജിറ്റല്‍ ലിങ്ക് വഴി എളുപ്പത്തില്‍ ഇഷ്യു ചെയ്യാന്‍ കഴിയുന്ന ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സൗദി അറേബ്യയില്‍ 96 മണിക്കൂര്‍ വരെ തങ്ങാന്‍ കഴിയും. സൗദിയിലെ വിവിധ പ്രവിശ്യകള്‍ സന്ദര്‍ശിക്കാനും വിവിധ പരിപാടികളും ചടങ്ങുകളും ആസ്വദിക്കാനും ഉംറ നിര്‍വഹിക്കാനും ട്രാന്‍സിറ്റ് വിസ ഉടമകള്‍ക്ക് സാധിക്കും. ലോകത്തെ നാല് ഭൂഖണ്ഡങ്ങളിലായി 100 ലേറെ നഗരങ്ങളിലേക്ക് സൗദിയ സര്‍വീസുകള്‍ നടത്തുന്നുണ്ട്. നിലവില്‍ സൗദിയക്കു കീഴില്‍ 149 വിമാനങ്ങളുണ്ട്.