റിയാദ് – മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയില്‍ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും ഇറാഖും ധാരണാപത്രം ഒപ്പുവെച്ചു. സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും ഇറാഖ് ആരോഗ്യ മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിനുള്ള സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ഡോ. സ്വാലിഹ് അല്‍ഹസ്നാവിയുമാണ് മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയില്‍ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
ആരോഗ്യ മേഖലാ സഹകരണത്തിന് ഇരു രാജ്യങ്ങളും മറ്റൊരു ധാരണാപത്രവും ഒപ്പുവെച്ചു. റിയാദില്‍ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്തു വെച്ച് നടത്തിയ ചര്‍ച്ചക്കിടെ സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ജലാജിലും ഇറാഖ് ആരോഗ്യ മന്ത്രി ഡോ. സ്വാലിഹ് അല്‍ഹസ്നാവിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
പൊതുജനാരോഗ്യം, രോഗ പ്രതിരോധം, ഡിജിറ്റല്‍ ആരോഗ്യം, വെര്‍ച്വല്‍ മെഡിസിന്‍, തെറാപ്പിറ്റിക് കെയര്‍, ആരോഗ്യ മേഖലയിലെ നിക്ഷേപ അവസരങ്ങള്‍, പകര്‍ച്ചവ്യാധികളോട് പ്രതികരിക്കുന്നതില്‍ ആരോഗ്യ സംവിധാനങ്ങളുടെ ശേഷികള്‍ ശക്തിപ്പെടുത്തല്‍, ആവശ്യമായ പ്രതിരോധ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കല്‍ എന്നിവയുള്‍പ്പെടെ ആരോഗ്യ മേഖലയില്‍ സംയുക്ത സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് യോഗത്തില്‍ ഇരു വിഭാഗവും ചര്‍ച്ച ചെയ്തു. സൗദിയിലെ ഇറാഖ് അംബാസഡര്‍ സഫിയ അല്‍സുഹൈലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
യോഗത്തിന് ശേഷം ഇറാഖ് ആരോഗ്യ മന്ത്രിയും പ്രതിനിധി സംഘവും കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, വെര്‍ച്വല്‍ ഹെല്‍ത്ത് ഹോസ്പിറ്റല്‍, കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയുള്‍പ്പെടെ ഏതാനും ദേശീയ ആരോഗ്യ സ്ഥാപനങ്ങളും സൗകര്യങ്ങളും സന്ദര്‍ശിച്ചു. ആരോഗ്യ സംരക്ഷണ പരിവര്‍ത്തനത്തില്‍ സൗദി അറേബ്യയുടെ മുന്‍നിര അനുഭവങ്ങളെ കുറിച്ചും ആരോഗ്യ സേവനങ്ങളില്‍ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ കുറിച്ചും ഇറാഖ് സംഘം മനസ്സിലാക്കി.