ജിദ്ദ – സൗദി അറേബ്യ ഈ വര്‍ഷം 3.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. ഈ വർഷം ഏപ്രിലില്‍ രാജ്യം 2.8 ശതമാനം സാമ്പത്തിക വളര്‍ച്ചകൈവരിക്കുമെന്നാണ് ലോകബാങ്ക് ആദ്യം പ്രവചിച്ചിരുന്നത്. എണ്ണ ഉൽപാദനത്തിലും എണ്ണയിതര മേഖലയിലും ശക്തമായ വളർച്ചയുണ്ടാകുമെന്നാണ് പ്രവചനം. സൗദി അറേബ്യ അടുത്ത വര്‍ഷം 4.3 ശതമാനവും 2027 ല്‍ 4.4 ശതമാനവും സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് പ്രതീക്ഷിക്കുന്നു.
മിഡില്‍ ഈസ്റ്റിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതായി ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റ് മേഖല ഈ വര്‍ഷം ശരാശരി 2.8 ശതമാനവും അടുത്ത കൊല്ലം 3.3 ശതമാനവും 2027 ല്‍ 3.9 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, വ്യാപാര മേഖലയിലെ മാറ്റങ്ങള്‍, തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍, പലായനം എന്നിവ മൂലമുണ്ടാകുന്ന ആഗോള അനിശ്ചിതത്വം കാരണം അപകടസാധ്യതകള്‍ നിലനില്‍ക്കുന്നതായി ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
എണ്ണ ഉല്‍പാദനം ക്രമേണ വര്‍ധിപ്പിക്കുന്നതില്‍ നിന്നും എണ്ണ ഇതര മേഖലയിലെ വളര്‍ച്ചയില്‍ നിന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ നേട്ടമുണ്ടാക്കുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. ജി.സി.സി രാജ്യങ്ങള്‍ ഈ വര്‍ഷം 3.5 ശതമാനം വളര്‍ച്ച കൈവരിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ ഈ കൊല്ലം 3.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ഏപ്രിലില്‍ ലോകബാങ്ക് പ്രവചിച്ചിരുന്നത്. ഗള്‍ഫ് മേഖല അടുത്ത വര്‍ഷം 4.4 ശതമാനവും 2027 ല്‍ 4.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇറാഖ്, ഇറാന്‍, അള്‍ജീരിയ, ലിബിയ എന്നിവ ഉള്‍പ്പെടുന്ന വികസ്വര എണ്ണ കയറ്റുമതി രാജ്യങ്ങളുടെ ഗ്രൂപ്പ് ഈ വര്‍ഷം 0.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷം 0.8 ശതമാനവും 2027 ല്‍ 1.9 ശതമാനവുമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. സംഘര്‍ഷങ്ങള്‍ മൂലമുള്ള ഉല്‍പാദന തടസ്സങ്ങളും ഉല്‍പാദന ക്വാട്ടയില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഈ ഗ്രൂപ്പിലെ രാജ്യങ്ങളുടെ വളര്‍ച്ചയില്‍ കുത്തനെ ഇടിവുണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വികസ്വര എണ്ണ ഇറക്കുമതി രാജ്യങ്ങളിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 2.2 ശതമാനത്തില്‍ നിന്ന് ഈ വർഷം 3.7 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ശക്തമായ സ്വകാര്യ ഉപഭോഗം, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍, കൃഷി, ടൂറിസം എന്നിവയിലെ വീണ്ടെടുക്കല്‍, സാമ്പത്തിക പരിഷ്‌കാരങ്ങള്‍, വിദേശ സഹായം എന്നിവയെ പ്രതിഫലിപ്പിക്കുന്നു.