റിയാദ് – റിയാദ് ആസ്ഥാനമായുള്ള സാമൂഹിക സാംസ്കാരിക സംഘടനയായ റിയാദ് ടാക്കീസ്, അൽമദീന ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച വാശിയേറിയ ക്യാരംസ് ടൂർണമെന്റിൽ ഫഹദ് പന്നിയങ്കരയും ഫൈസൽ വണ്ടൂരും അടങ്ങുന്ന ടീം ജേതാക്കളായി. മുപ്പത്തിരണ്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ അജിത് കോഴിക്കോട് – ശരീഫ് വയനാട് സഖ്യം രണ്ടാം സ്ഥാനവും, അമാനുള്ള കോടശ്ശേരി – മുത്തു പാണ്ടിക്കാട് സഖ്യം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഫഹദ് – ഫൈസൽ ടീമിനെ ടൂർണമെന്റിലെ മികച്ച ടീമായി തിരഞ്ഞെടുത്തപ്പോൾ, ആഷിഫ് തങ്ങൾ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. അൽമദീന റീജിയണൽ ഡയറക്ടർ സലിം വലിയപറമ്പത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കായികപ്രേമികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരങ്ങൾക്ക് സ്പോർട്സ് കൺവീനർ അൻവർ യൂനുസ് ആമുഖം നൽകുകയും ഉപദേശകസമിതി അംഗം ഡൊമിനിക് സാവിയോ നിയമാവലികൾ വിശദീകരിക്കുകയും ചെയ്തു. നൗഷാദ് പള്ളത്ത്, സജീർ സമദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
റിയാദ് ടാക്കീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടിയുടെ അധ്യക്ഷതയിൽ നടന്ന പ്രൗഢമായ സമ്മാനദാന ചടങ്ങിൽ സെക്രട്ടറി അനസ് വള്ളികുന്നം സ്വാഗതം പറഞ്ഞു. ജേതാക്കൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും അൽമദീന ഹൈപ്പർമാർക്കറ്റ് മാനേജർ ഫാറൂഖ് കൊവ്വൽ സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ജെസ്‌ന (എം.എഫ്.സി ബ്രോസ്റ്റഡ്), ജുനൈദ് (ഫേവറിറ്റ്), ഷബീബ് സലോമി, രാജൻ മുസ്കൻ, റമീസ് (ഫോൺ ഹൗസ്), ബഷീർ കരോളം, ഷമ്മാസ് (ഓക്സോമ്) എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ നൗഷാദ് ആലുവ, ബാസിൽ (അൽമദീന), സനു മാവേലിക്കര, ഷൈജു പച്ച, എടവണ്ണ സുനിൽ ബാബു എന്നിവർ സംസാരിക്കുകയും ജോയിന്റ് ട്രഷറർ പ്രദീപ് കിച്ചു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. റിയാദ് ടാക്കീസിന്റെ വിവിധ ഭാരവാഹികളും പ്രവർത്തകരും ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.



