റിയാദ്- റിയാദ് സീസണിന്റെ ഭാഗമായി സുവൈദി പാര്‍ക്കില്‍ നടക്കുന്ന ഇന്ത്യന്‍ ഉത്സവത്തിന് സാക്ഷിയാകാന്‍ ഇന്നലെ വെള്ളിയാഴ്ചയെത്തിയത് പതിനായിരക്കണക്കിന് പേര്‍. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്നലെയാണ് സന്ദര്‍ശകര്‍ ഒഴുകിയെത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ സന്നദ്ധ സേവകര്‍ക്ക് പുറമെ സുരക്ഷസേനയുടെ സാന്നിധ്യവുമുണ്ടായിരുന്നു.
ബോളിവുഡ് സംഗീതജ്ഞനായ ഹിമേഷ് രേഷ്മിയായിരുന്നു ഇന്നലെത്തെ മുഖ്യാതിഥി. സ്റ്റേജില്‍ ഇദ്ദേഹത്തിന്റെ പ്രകടനം തുടങ്ങിയപ്പോഴേക്കും സദസ്സ് ഇളകി മറിഞ്ഞു. ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റു പ്രവാസികളും അറബികളും പരിപാടി വീക്ഷിക്കാനെത്തി. രാത്രിയെറെ വൈകി സംഗീത നിശ സമാപിക്കും വരെ ആരും പാര്‍ക്ക് വിട്ടുപോയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരം മലയാളിയായ ശ്രീശാന്ത് നാളെയാണ് എത്തുക. ഇദ്ദേഹവുമായി സംവദിക്കാന്‍ സദസ്യര്‍ക്ക് അവസരമുണ്ടാകും. നാളെയും വന്‍ ജനക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ ഇന്ത്യന്‍ ഹിപ്‌ഹോപ് റാപ്പര്‍ എമിവേ ബന്‍തായ് എന്ന ബിലാല്‍ ശൈഖ് ഇന്ന് അതിഥിയായെത്തും. 21 ന് തിങ്കളാഴ്ച ഇന്ത്യന്‍ ഉത്സവം സമാപിക്കും.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്ന ഘോഷയാത്രയാണ് ഉത്സവനഗരിയിലെ ഏറ്റവും ആകര്‍ഷക ഇനം. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യ കലാരൂപങ്ങളായ ചെണ്ടമേള, ഛൗ നൃത്തം, ഘൂമാര്‍ നൃത്തം, ഗര്‍ബ നൃത്തം, കല്‍ബെലിയ നൃത്തം, നാസിക് ഢോള്‍, പഞ്ചാബി ഡാന്‍സ്, ലാവണി നൃത്തം തുടങ്ങിയവയുടെ പ്രകടനങ്ങളും ഘോഷയാത്രയിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ആറരക്കും രാത്രി പത്ത് മണിക്കും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വിശാലമായ പാര്‍ക്കിനെ വലയം വെച്ചാണ് ഘോഷ യാത്ര നടക്കുന്നത്. വൈകുന്നേരം നാലു മുതലാണ് സന്ദര്‍ശകര്‍ക്ക് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പ്രവേശനം സൗജന്യമാണെങ്കിലും വിബുക് ഡോട്ട്‌കോം വഴി ബുക്ക് ചെയ്യണം. ഇത് ഗൈറ്റില്‍ പരിശോധിക്കും. എല്ലാ ദിവസവും ഇന്ത്യന്‍ കലാകാരന്മാരുടെ വിവിധ സ്റ്റേജ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
നവംബര്‍ 30 വരെയാണ് സുവൈദി പാര്‍ക്കിലെ ആഘോഷങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഉല്‍സവത്തിന് ശേഷം ഫിലിപൈന്‍സ്, ഇന്തോനേഷ്യ, പാകിസ്താന്‍, യമന്‍, സുഡാന്‍, സിറിയ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സാംസ്‌കാരിക വാരങ്ങളും അരങ്ങേറും.